മൂന്നാമത് ബഹ്‌റൈൻ സമ്മർ ടോയ് ഫെസ്റ്റിവലിന് തുടക്കമായി; ഓഗസ്റ്റ് 5 വരെ നീണ്ടുനിൽക്കും
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ പ്രമുഖ വേനൽക്കാല വിനോദ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ബഹ്‌റൈൻ സമ്മർ ടോയ് ഫെസ്റ്റിവലിന്റെ' മൂന്നാമത് പതിപ്പിന് ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ തുടക്കമായി. ഇതുവരെ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ രീതിയിലാണ് ഇത്തവണ മേള ഒരുക്കിയിരിക്കുന്നത്. ബഹ്‌റൈനെ ഒരു പ്രാദേശിക കുടുംബ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയുള്ള മേള ഓഗസ്റ്റ് 5 വരെ (ആകെ 35 ദിവസങ്ങൾ) നീണ്ടുനിൽക്കും.
ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയും ബിയോൺ അൽ ദാന ആംഫി തിയേറ്ററും സംയുക്തമായാണ് ഈ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കുട്ടികളുടെ വിവിധ പ്രായത്തിനനുസരിച്ച് മൂന്ന് പ്രധാന സോണുകളായി തിരിച്ചാണ് ഇവിടെ വിനോദങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ബാലസാഹിത്യ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള 6 പ്രധാന ആകർഷണങ്ങളുമായി 'ട്വിങ്കിൾ ലാൻഡ്', സാഹസികതയും ഗെയിമിംഗും ഇഷ്ടപ്പെടുന്നവർക്കായി 5 പ്രത്യേക റൈഡുകൾ ഒരുക്കിയിട്ടുള്ള 'ബ്രേവ് ലാൻഡ്', ചെറിയ കുട്ടികൾക്കായി സുരക്ഷിതവും സംവേദനാത്മകവുമായ രീതിയിൽ രൂപകൽപ്പന ചെയ്ത 'ലിറ്റിൽ എക്സ്പ്ലോറേഴ്സ് ലാൻഡ്' എന്നിവയാണ് ഈ മൂന്ന് മേഖലകൾ.
ഇവയ്ക്ക് പുറമെ മേളയിലെ പ്രധാന സ്റ്റേജിൽ വിപുലമായ വിനോദ പരിപാടികളും അരങ്ങേറും. റഷാ റിസ്ക്, താരെഖ് അൽ അറബി തൂർഗാൻ ഉൾപ്പെടെയുള്ള പ്രശസ്ത കലാകാരന്മാരും ജനപ്രിയ കഥാപാത്രങ്ങളും പങ്കെടുക്കുന്ന 7 തത്സമയ പ്രകടനങ്ങളും 8 മീറ്റ് ആൻഡ് ഗ്രീറ്റ് സെഷനുകളും ഇതിൽ ഉൾപ്പെടുന്നു. സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2:00 മണി മുതൽ രാത്രി 10:00 മണി വരെയും, വാരാന്ത്യങ്ങളിൽ ഉച്ചയ്ക്ക് 12:00 മണി മുതൽ രാത്രി 10:00 മണി വരെയുമാണ് സന്ദർശകർക്ക് പ്രവേശനം അനുവദിട്ടുള്ളത്.
dgdfg

