ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ ബഹ്‌റൈനിൽ എ.ഐ സ്മാർട്ട് ക്യാമറ ശൃംഖല വിപുലപ്പെടുത്തുന്നു
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്ത് റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വിപുലമായ രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സ്മാർട്ട് ക്യാമറ ശൃംഖല ഏർപ്പെടുത്താൻ ഒരുങ്ങി ബഹ്‌റൈൻ. വിവിധ തരം ട്രാഫിക് നിയമലംഘനങ്ങൾ സ്വയം കണ്ടെത്താൻ ശേഷിയുള്ളതാണ് ഈ പുതിയ സംവിധാനമെന്ന് 'ബഹ്‌റൈൻ സ്മാർട്ട് സിറ്റീസ് സമ്മിറ്റ് 2026'-ൽ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കേവലം നിയമലംഘനങ്ങൾ രേഖപ്പെടുത്തുക മാത്രമല്ല, അപകടകരമായ ഡ്രൈവിംഗ് രീതികൾ വഴി ഉണ്ടാകാനിടയുള്ള വൻ ദുരന്തങ്ങൾ മുൻകൂട്ടി തടയുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് ട്രാഫിക് കൾച്ചർ ഡയറക്ടറേറ്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഖാലിദ് മുബാറക് ബു ഖൈസ് പറഞ്ഞു. വാഹനമോടിക്കുമ്പോഴുണ്ടാകുന്ന ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് സെക്കൻഡുകൾക്കുള്ളിൽ ഒരു ജീവിതം തന്നെ മാറ്റിമറിച്ചേക്കാമെന്നും, റോഡിലെ ഒരു തെറ്റായ തീരുമാനം വർഷങ്ങളോളം നീണ്ടുനിൽക്കുന്ന പരിക്കുകൾക്ക് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ക്യാമറകൾക്ക് എമർജൻസി ലൈനുകളിലൂടെയോ ഫുട്പാത്തിലൂടെയോ ഉള്ള നിയമവിരുദ്ധമായ ഓവർടേക്കിംഗ്, റെഡ് ലൈറ്റ് മറികടക്കൽ, അമിതവേഗത, വാഹനം ഓടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം, സുരക്ഷിതമല്ലാത്ത രീതിയിലുള്ള ലൈൻ മാറ്റങ്ങൾ എന്നിവ കൃത്യമായി കണ്ടെത്താനാകും. ഇതിനുപുറമെ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, നിരോധിത ഇടങ്ങളിലെ യു-ടേണുകൾ, വൺവേ ലംഘിച്ച് എതിർദിശയിൽ വാഹനം ഓടിക്കൽ, ട്രാഫിക് സൈനുകൾ അവഗണിക്കുക, വലതുവശം ചേർന്നു പോകാതിരിക്കുക, മുൻസീറ്റിൽ ചെറിയ കുട്ടികളെ ഇരുത്തി യാത്ര ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളും ഈ സ്മാർട്ട് സംവിധാനം വഴി പിടികൂടും.
ക്യാമറ ഒരു നിയമലംഘനം കണ്ടെത്തിയാലുടൻ, സിസ്റ്റം അത് സ്വയം വിശകലനം ചെയ്യുകയും ഫോട്ടോ സഹിതമുള്ള തെളിവുകൾ തയ്യാറാക്കുകയും ചെയ്യും. തുടർന്ന് ട്രാഫിക് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഈ തെളിവുകൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ പിഴ ചുമത്തുകയുള്ളൂ. തെറ്റായ പിഴകൾ ഒഴിവാക്കാൻ ഇത് സഹായിക്കും. പിഴ ലഭിക്കുന്ന വാഹന ഉടമകൾക്ക് ഔദ്യോഗിക സംവിധാനങ്ങളിലൂടെ ഇതിനെതിരെ അപ്പീൽ നൽകാനുള്ള അവകാശമുണ്ടായിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നമ്പർ പ്ലേറ്റ് തിരിച്ചറിയാനുള്ള സംവിധാനം, മറ്റ് ട്രാഫിക് പ്ലാറ്റ്‌ഫോമുകളുമായുള്ള തത്സമയ കണക്റ്റിവിറ്റി എന്നിവ സമന്വയിപ്പിച്ചാണ് ഈ അത്യാധുനിക സംവിധാനം പ്രവർത്തിക്കുന്നതെന്ന് ലെഫ്റ്റനന്റ് കേണൽ ബു ഖൈസ് കൂട്ടിച്ചേർത്തു.
dffg

