ഇറാൻ ആക്രമണം: യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിച്ച് ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

ന്യൂയോർക്ക്: ബഹ്‌റൈന് നേരെ ഇറാൻ വീണ്ടും ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയതിനെ തുടർന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ (UN Security Council) അടിയന്തര യോഗം വിളിച്ച് ബഹ്‌റൈൻ. സൈനിക നടപടികൾ പൂർണ്ണമായി അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ജൂൺ 17-ന് ഒപ്പുവെച്ച ഇസ്ലാമാബാദ് ധാരണാപത്രത്തിന്റെ പരസ്യമായ ലംഘനമാണ് ജനവാസ മേഖലകളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ഈ ആക്രമണങ്ങളെന്ന് ബഹ്‌റൈൻ ചൂണ്ടിക്കാട്ടി.

തുടർച്ചയായ ഇറാനിയൻ അക്രമണങ്ങളെ തുടർന്ന് ബഹ്‌റൈന്റെ ആവശ്യപ്രകാരം വിളിച്ചുചേർക്കുന്ന രണ്ടാമത്തെ അടിയന്തര യോഗമാണിതെന്ന് കൗൺസിലിനെ അഭിസംബോധന ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (UAE) ബറാക്ക ആണവനിലയത്തിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്നായിരുന്നു ആദ്യ യോഗം വിളിച്ചത്. ഈ ആക്രമണം മേഖലയെ ഒരു ആണവ ദുരന്തത്തിന്റെ വക്കിലേക്ക് തള്ളിവിട്ടിരുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ഫെബ്രുവരി 28 മുതൽ ബഹ്‌റൈന് നേരെ നൂറുകണക്കിന് മിസൈൽ-ഡ്രോൺ ആക്രമണങ്ങളാണ് ഉണ്ടായതെന്ന് അൽ സയാനി വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങളും സാധാരണക്കാർ നിത്യോപയോഗത്തിനായി ആശ്രയിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുമാണ് ഈ ആക്രമണങ്ങളിൽ തകർത്തത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (GCC) അംഗരാജ്യങ്ങളും സമാനമായ ആക്രമണങ്ങൾ നേരിടുന്നുണ്ടെന്നും ഇത് കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനസാന്ദ്രതയേറിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനിയുടെ അമോണിയ സംഭരണ ടാങ്കിന് നേരെ ഉണ്ടായ ആക്രമണം വലിയൊരു രാസദുരന്തത്തിന്റെ വക്കിലെത്തിച്ചതായി വിദേശകാര്യ മന്ത്രി അറിയിച്ചു. ആക്രമണത്തെ തുടർന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള താമസക്കാരെ അധികൃതർക്ക് അടിയന്തരമായി ഒഴിപ്പിക്കേണ്ടി വന്നു.

രക്ഷാസമിതിയുടെ പ്രമേയങ്ങൾ വെറും കടലാസിലൊതുങ്ങാതെ കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൗൺസിൽ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രമേയങ്ങൾ പാസാക്കുന്നതിലല്ല, മറിച്ച് അവ നടപ്പിലാക്കുന്നതിലാണ് രക്ഷാസമിതിയുടെ വിശ്വാസ്യതയെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബഹ്‌റൈൻ പരമാവധി ആത്മസംയമനം പാലിക്കുന്നത് തുടരുമെങ്കിലും, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ ആത്മരക്ഷയ്ക്കുള്ള അവകാശം പൂർണ്ണമായും നിലനിർത്തുമെന്നും മന്ത്രി വ്യക്തമാക്കി.

article-image

zczc

You might also like

  • Lulu Exchange
  • Straight Forward

Most Viewed