ഏപ്രിലിലെ തകർച്ചയ്ക്ക് ശേഷം മെയ് മാസത്തിൽ ബഹ്‌റൈൻ വ്യോമഗതാഗതത്തിൽ വൻ കുതിച്ചുചാട്ടം
പ്രദീപ് പുറവങ്കര
മനാമ: ഏപ്രിൽ മാസത്തിലുണ്ടായ കനത്ത ഇടിവിന് ശേഷം മെയ് മാസത്തിൽ ബഹ്‌റൈനിലെ വ്യോമഗതാഗത മേഖലയിൽ വൻ തിരിച്ചുവരവ്. സിവിൽ ഏവിയേഷൻ അഫയേഴ്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിലിൽ വെറും 76,397 ആയിരുന്ന യാത്രക്കാരുടെ എണ്ണം മെയ് മാസത്തിൽ 4,87,069 ആയി ഉയർന്നു. 4,10,672 യാത്രക്കാരുടെ വർദ്ധനവാണ് ഒറ്റമാസം കൊണ്ടുണ്ടായത്; അതായത് ഏകദേശം 538 ശതമാനത്തിന്റെ വളർച്ച.
ഇറാൻ-യു.എസ് സംഘർഷവും ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് മേഖലയ്ക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളുമാണ് ഏപ്രിൽ മാസത്തിൽ വ്യോമഗതാഗതത്തെയും വിമാന സർവീസുകളെയും തകിടം മറിച്ചത്. എന്നാൽ മേഖലയിലെ സ്ഥിതിഗതികൾ ശാന്തമായതോടെ സർവീസുകൾ പഴയപടിയാവുകയായിരുന്നു.
വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ എണ്ണം (Arrivals) ഏപ്രിലിലെ 37,289-ൽ നിന്നും മെയ് മാസത്തിൽ 2,34,124 ആയി ഉയർന്നു (528 ശതമാനം വർദ്ധനവ്). ബഹ്‌റൈനിൽ നിന്നും പുറപ്പെട്ട യാത്രക്കാരുടെ എണ്ണം (Departures) 39,108-ൽ നിന്നും 2,52,684 ആയും വർദ്ധിച്ചു (546 ശതമാനം വർദ്ധനവ്).
യാത്രക്കാരുടെ എണ്ണത്തിനൊപ്പം വിമാന സർവീസുകളിലും (Aircraft movements) വലിയ മുന്നേറ്റമുണ്ടായി. ഏപ്രിലിൽ ആകെ വിമാന സർവീസുകൾ 926 മാത്രമായിരുന്നെങ്കിൽ മെയ് മാസത്തിൽ ഇത് 4,875 ആയി ഉയർന്നു. ബഹ്‌റൈൻ വ്യോമാതിർത്തി ഉപയോഗിച്ചുള്ള വിമാനങ്ങളുടെ എണ്ണത്തിലും (Overflights) സമാനതകളില്ലാത്ത വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഏപ്രിലിലെ 548-ൽ നിന്നും 11,242 ആയാണ് മെയ് മാസത്തിൽ ഓവർഫ്ലൈറ്റുകൾ ഉയർന്നത് (1,951 ശതമാനം വർദ്ധനവ്). ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിലെ സർവീസുകൾ 1,474-ൽ നിന്നും 16,117 ആയും വർദ്ധിച്ചു.
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ തുറന്നത് യാത്രാ ശേഷി വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ബഹ്‌റൈന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനവും മറ്റ് അയൽ വിപണികളുമായുള്ള ശക്തമായ ബന്ധവും അന്താരാഷ്ട്ര കാർഗോ-ലോജിസ്റ്റിക്സ് കമ്പനികളുടെ സാന്നിധ്യവും രാജ്യത്തെ എയർ ഫ്രൈറ്റ് (Air Freight) മേഖലയ്ക്ക് വലിയ പിന്തുണ നൽകുന്നു.
വരും മാസങ്ങളിൽ വേനൽക്കാല അവധിക്കാലം, കുടുംബ യാത്രകൾ, പ്രവാസികളുടെ യാത്രകൾ, പ്രത്യേക സീസണൽ സർവീസുകൾ എന്നിവ ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. വിമാന സർവീസുകളുടെ സമയക്രമം സാധാരണ നിലയിലായതും പ്രവർത്തന ശേഷി വർദ്ധിച്ചതും വരും ദിവസങ്ങളിൽ കാർഗോ വിപണിക്കും കൂടുതൽ കരുത്തുപകരും.
vdv

