വിലവിവരങ്ങൾ പ്രദർശിപ്പിക്കാതെ ഉപഭോക്താക്കളെ ചൂഷണം ചെയ്ത കട ബഹ്‌റൈൻ മന്ത്രാലയം അടപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ വിപണികളിൽ നടത്തിയ പരിശോധനയ്‌ക്കിടെ, അടിസ്ഥാന ഭക്ഷണവസ്തുക്കളുടെ വില അകാരണമായി വർധിപ്പിച്ച ഒരു കട വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ ഇൻസ്‌പെക്ഷൻ വിഭാഗം അടച്ചുപൂട്ടി. മന്ത്രാലയത്തിന്റെ പരിശോധനാ സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ സ്ഥാപനത്തിലെ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഉൽപന്നങ്ങളുടെ വില പ്രദർശിപ്പിക്കാത്തതും, ഷെൽഫുകളിൽ രേഖപ്പെടുത്തിയ വിലയും കൗണ്ടറിലെ പോയിന്റ് ഓഫ് സെയിൽ സിസ്റ്റത്തിലുള്ള വിലയും തമ്മിൽ വലിയ വ്യത്യാസം കണ്ടെത്തിയതും നിയമലംഘനമായി മന്ത്രാലയം ചൂണ്ടിക്കാട്ടി.
ബഹ്‌റൈനിലെ നിലവിലെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വിപണിയുടെ സുസ്ഥിരതയെ ബാധിക്കുന്നതോ, ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നതോ ആയ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, നിയമലംഘകർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഏതെങ്കിലും തരത്തിലുള്ള വാണിജ്യ നിയമലംഘനങ്ങളോ ചൂഷണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴിയോ അല്ലെങ്കിൽ 'തവാസുൽ' എന്ന ദേശീയ നിർദ്ദേശ-പരാതി സംവിധാനം വഴിയോ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
zxczxc

