സാമ്പത്തിക തർക്കം: കരാർ കമ്പനി 40,000 ബഹ്റൈനി ദിനാറിലധികം നൽകാൻ ഹൈ കൊമേഴ്‌സ്യൽ കോടതി ഉത്തരവ്
പ്രദീപ് പുറവങ്കര
മനാമ: കരാർ സേവനങ്ങളുമായി ബന്ധപ്പെട്ട പണം നൽകാത്തതിനെ തുടർന്ന് രണ്ട് കമ്പനികൾ തമ്മിലുണ്ടായ സാമ്പത്തിക തർക്കത്തിൽ നിർണ്ണായക വിധി പ്രസ്താവിച്ച് ഹൈ കൊമേഴ്‌സ്യൽ കോടതി. എതിർകക്ഷിയിലുള്ള കമ്പനി പരാതിക്കാരായ കമ്പനിക്ക് 40,000 ബഹ്റൈനി ദിനാറിലധികം കുടിശ്ശികയായി നൽകണമെന്ന് കോടതി ഉത്തരവിട്ടു. കമ്മോഡിറ്റി ക്രെഡിറ്റ് കരാർ പ്രകാരം വിതരണം ചെയ്ത നിർമ്മാണ സാമഗ്രികൾ, ഉപകരണങ്ങളുടെ വാടക, ലേബർ സർവീസുകൾ എന്നിവയുടെ പണം ലഭിക്കാത്തതിനെ തുടർന്നാണ് കേസ് കോടതിയിലെത്തിയത്.
തങ്ങൾക്ക് ലഭിക്കാനുള്ള 40,239.940 ബഹ്റൈനി ദിനാർ ഈടാക്കി നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരായ കമ്പനി നിയമനടപടി സ്വീകരിച്ചത്. ഈ കടബാധ്യത എതിർകക്ഷി മുൻപ് അംഗീകരിച്ചിരുന്നതാണെങ്കിലും പിന്നീട് പണം നൽകാൻ തയ്യാറായില്ലെന്ന് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു. കേസിന്റെ ഭാഗമായി സമർപ്പിക്കപ്പെട്ട രേഖകൾ വിശദമായി പരിശോധിച്ച കോടതി, തുക നൽകാനുണ്ടെന്ന കാര്യത്തിൽ കൃത്യമായ തെളിവുകളുണ്ടെന്ന് കണ്ടെത്തി.
തുടർന്ന് നടന്ന കോടതി നടപടികളിൽ ഹാജരാകാനോ പണം നൽകിയതുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകൾ സമർപ്പിക്കാനോ എതിർകക്ഷി തയ്യാറായില്ല. ഇതേത്തുടർന്ന് പരാതിക്കാരായ കമ്പനിക്ക് അനുകൂലമായി കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. കുടിശ്ശിക തുക പൂർണ്ണമായി നൽകുന്നതിനൊപ്പം കേസുമായി ബന്ധപ്പെട്ട് ഉണ്ടായ നിയമപരമായ ചിലവുകളും വക്കീൽ ഫീസും എതിർകക്ഷി തന്നെ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.
sadasd

