അസ്സുഫ നാട്ടു ദർസ്: 30 രാജ്യങ്ങളിൽ തുടക്കമായി
പ്രദീപ് പുറവങ്കര
മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത ഇസ്‌ലാമിക പഠന സംസ്കാരം പുനരുജ്ജീവിപ്പിക്കാൻ രൂപം നൽകിയ ‘അസ്സുഫ നാട്ടു ദർസ്’ പദ്ധതി പ്രവാസ ലോകത്തും ആരംഭം കുറിച്ചു. രിസാല സ്റ്റഡി സർക്കിളിന്റെ (ആർ.എസ്.സി) നേതൃത്വത്തിൽ 30 രാജ്യങ്ങളിലാണ് ഈ വിപുലമായ പദ്ധതിക്ക് തുടക്കമായത്. പദ്ധതിയുടെ ഗ്ലോബല്‍തല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ നിർവഹിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ രചിച്ച ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് പഠനപരമ്പര തയ്യാറാക്കിയിരിക്കുന്നത്. ഉസ്താദിൽ നിന്ന് നേരിട്ട് അധ്യാപനാനുമതി (ഇജാസത്ത്) നേടിയ അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
കേരളത്തിലെ പള്ളി ദർസുകളുടെ പാരമ്പര്യ മാതൃക പിന്തുടർന്ന്, ക്രമബദ്ധമായ സിലബസോടെയാണ് പദ്ധതി പ്രവാസി മലയാളികൾക്കായി ഒരുക്കിയിരിക്കുന്നത്. ആർ.എസ്.സിക്ക് സാന്നിധ്യമുള്ള എല്ലാ വിദേശ രാജ്യങ്ങളിലും ഒരേ പാഠ്യക്രമം നടപ്പിലാക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള അംഗങ്ങൾക്കും വിജ്ഞാനാന്വേഷകർക്കും ഏകീകൃതമായ പഠനവേദി സൃഷ്ടിക്കുകയാണ് ലക്ഷ്യം. 30 ആഴ്ചകൾ നീണ്ടുനിൽക്കുന്ന പഠനപരമ്പര വിവിധ രാജ്യങ്ങളിലെ സെക്ടർ കേന്ദ്രങ്ങളിലാണ് നടക്കുക. പഠനപരമ്പരയുടെ സമാപന സെഷൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി സമ്മേളന വേദിയിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ നടക്കും. സമസ്തയുടെ ഈ വൈജ്ഞാനിക സംരംഭം പ്രവാസ ലോകത്ത് പഠന സംസ്കാരത്തിനും നേതൃത്വ വികസനത്തിനും പുതിയ ദിശ തുറക്കുന്നതാണെന്ന് ആർ.എസ്.സി ഭാരവാഹികൾ അറിയിച്ചു.
asdad

