അനുവാദമില്ലാതെ ഫോട്ടോയും വീഡിയോയും പകർത്തുന്നവർ ജാഗ്രതൈ; ബഹ്‌റൈനിൽ അഞ്ച് വർഷം തടവും 5,000 ദിനാർ പിഴയും
പ്രദീപ് പുറവങ്കര
മനാമ: വ്യക്തികളുടെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ അവരുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നതിനും സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെക്കുന്നതിനുമെതിരെ കർശന മുന്നറിയിപ്പുമായി ബഹ്‌റൈൻ പൊലീസ്. ഇത്തരം പ്രവൃത്തികൾ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും കടുത്ത സ്വകാര്യത നിയമങ്ങളുടെ ലംഘനവുമാണെന്നും ഇതിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മുതിർന്ന ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സ്മാർട്ട്‌ഫോണുകളുടെ അമിത ഉപയോഗം വർദ്ധിച്ചതോടെ ഏത് ദൃശ്യങ്ങളും എളുപ്പത്തിൽ പകർത്താനും പ്രചരിപ്പിക്കാനും സാധിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഈ ശക്തമായ ഓർമ്മപ്പെടുത്തൽ. ബന്ധപ്പെട്ട വ്യക്തികളുടെ വ്യക്തമായ സമ്മതത്തോടെ മാത്രമേ അവരുടെ ദൃശ്യങ്ങൾ പകർത്താനും മറ്റുള്ളവർക്കായി പങ്കുവെക്കാനും പാടുള്ളൂവെന്ന് ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ പറഞ്ഞു. സ്വന്തം ചിത്രങ്ങൾക്ക് മേൽ പൂർണ്ണമായ അവകാശം ഓരോ വ്യക്തിക്കുമുണ്ട്. അതിനാൽ അനുവാദമില്ലാതെ ആർക്കും മറ്റൊരാളുടെ ദൃശ്യങ്ങൾ പകർത്താനോ അത് എവിടെയെങ്കിലും പ്രസിദ്ധീകരിക്കാനോ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരാൾ തന്റെ ദൃശ്യങ്ങൾ പകർത്താൻ സമ്മതിക്കുന്നു എന്നത് അത് പരസ്യമായി പ്രസിദ്ധീകരിക്കാനുള്ള അനുമതിയല്ലെന്നും ഇവ രണ്ടും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡിലുണ്ടാകുന്ന വാഹനാപകടങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ പോലും ബന്ധപ്പെട്ടവരുടെ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നത് ബഹ്‌റൈൻ നിയമപ്രകാരം വലിയ കുറ്റകരമാണ്. കൂടാതെ അനുവാദമില്ലാതെ മറ്റുള്ളവരുടെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നതും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യക്തിഗത വിവരങ്ങൾ കൈമാറുന്നതും നിയമവിരുദ്ധമാണ്. സ്വകാര്യ ഇടങ്ങളിൽ കടന്നുകയറി അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുക, രഹസ്യമായി സംഭാഷണങ്ങൾ ചോർത്തുക, അപകടത്തിൽപ്പെട്ടവരുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക എന്നിവയെല്ലാം ഈ കടുത്ത നിയമത്തിന്റെ പരിധിയിൽ വരും. ഇത്തരം കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് അഞ്ച് വർഷം വരെ തടവും 5,000 ദിനാർ വരെ ഭീമമായ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് അധികൃതർ പ്രത്യേകം വ്യക്തമാക്കി.
നിർമ്മിത ബുദ്ധി (എ.ഐ) ഉൾപ്പെടെയുള്ള അത്യാധുനിക പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടത്തുന്ന ദൃശ്യ കൃത്രിമങ്ങൾക്കും വ്യാജ പ്രചാരണങ്ങൾക്കും ഈ കർശന നിയമങ്ങൾ പൂർണ്ണമായും ബാധകമാണെന്ന് കേണൽ ഡോ. ബഹാർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലെ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട എല്ലാത്തരം സംശയങ്ങൾക്കും വിശദീകരണങ്ങൾക്കുമായി പൊതുജനങ്ങൾക്ക് പോലീസ് മീഡിയ ഡയറക്ടറേറ്റിനെ 17390900 എന്ന നമ്പറിലോ ഇതേ നമ്പറിലെ ഔദ്യോഗിക വാട്ട്സ്ആപ്പിലോ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
sdgdgd

