ഈദ് അവധി ദിനങ്ങളിൽ ബഹ്‌റൈനിലെ ടൂറിസം മേഖലയിൽ വൻ ഉണർവ്; ഹോട്ടലുകൾ നിറഞ്ഞുകവിഞ്ഞു
പ്രദീപ് പുറവങ്കര
മനാമ: ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ) അവധി ദിനങ്ങളിൽ ബഹ്‌റൈനിലെ ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻ മുന്നേറ്റം. ഗൾഫ് മേഖലയിലുണ്ടായ താൽക്കാലിക പ്രതിസന്ധികൾക്ക് ശേഷം, ബഹ്‌റൈനിലെ വിനോദസഞ്ചാര മേഖല അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനയായാണ് ഈ ഉണർവിനെ ഈ രംഗത്തുള്ളവർ വിലയിരുത്തുന്നത്.
പെരുന്നാൾ അവധിയും വാര്യാന്ത്യവും ഒത്തുചേർന്ന ദിവസങ്ങളിൽ രാജ്യത്തെ ഹോട്ടലുകൾ, റിസോർട്ടുകൾ, സർവീസ്ഡ് അപ്പാർട്ട്‌മെന്റുകൾ എന്നിവയിലെല്ലാം മികച്ച ബുക്കിംഗാണ് രേഖപ്പെടുത്തിയത്. പല പ്രമുഖ ഹോട്ടലുകളും പൂർണ്ണമായും നിറഞ്ഞുകവിഞ്ഞു. ബഹ്‌റൈനിലെ പ്രാദേശിക കുടുംബങ്ങൾക്ക് പുറമെ, സൗദി അറേബ്യ ഉൾപ്പെടെയുള്ള മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വൻ ഒഴുക്കാണ് ഈ വർദ്ധനവിന് കാരണമായത്. ഫാമിലി ടൂറിസം കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈനുള്ള ജനപ്രീതിയാണ് ഇത് അടിവരയിടുന്നത്.
അവധി ദിനങ്ങൾക്ക് തൊട്ടുമുമ്പ് തന്നെ മനാമയിലെ സിറ്റി ഹോട്ടലുകളിലും കടൽത്തീര റിസോർട്ടുകളിലും മുൻകൂട്ടിയുള്ള ബുക്കിംഗുകൾ വ്യാപകമായി നടന്നിരുന്നു. അവസാന നിമിഷം മുറികൾ ബുക്ക് ചെയ്യാൻ ശ്രമിച്ച പലർക്കും ഇടം ലഭിക്കാത്ത അവസ്ഥയുമുണ്ടായി. കടൽത്തീര റിസോർട്ടുകൾക്കായിരുന്നു സഞ്ചാരികൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രിയം. ആവശ്യക്കാർ ഏറിയതോടെ ചിലയിടങ്ങളിൽ മുറി വാടകയിലും വർദ്ധനവുണ്ടായി.
ഈദ് അവധിയിലുണ്ടായ ഈ ബിസിനസ്സ് മുന്നേറ്റം വരാനിരിക്കുന്ന വേനൽക്കാല ടൂറിസം സീസണിന് ശക്തമായ അടിത്തറ പാകിയതായി ഹോട്ടൽ ഉടമകൾ വ്യക്തമാക്കുന്നു. ജി.സി.സി കുടുംബങ്ങൾക്ക് സുരക്ഷിതവും ആകർഷകവുമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ബഹ്‌റൈൻ എന്ന ആത്മവിശ്വാസം വീണ്ടെടുക്കാൻ ഈ സീസൺ സഹായിച്ചു.
പെരുന്നാൾ തിരക്ക് മുന്നിൽക്കണ്ട് പല ഹോട്ടലുകളും താമസം, വിനോദ പരിപാടികൾ, ഷോപ്പിംഗ് എന്നിവ ഉൾപ്പെടുത്തിയുള്ള പ്രത്യേക പാക്കേജുകൾ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ (BTEA) നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ വലിയ സ്വീകാര്യത നേടിയ “വി മിസ് യു” (We Miss You) എന്ന പ്രൊമോഷണൽ ക്യാമ്പയിനും ഈ നേട്ടത്തിന് വലിയ തോതിൽ കരുത്തുപകർന്നു.
asasdsaas

