ബഹ്‌റൈനിൽ ഗാർഹിക പീഡന പരാതികളിൽ വൻ കുറവ്; കേസുകൾ 49 ശതമാനം ഇടിഞ്ഞു


പ്രദീപ് പുറവങ്കര

മനാമ: ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ കേവലം പരാതികളും ശിക്ഷാ നടപടികളും എന്നതിനപ്പുറം, ബോധവൽക്കരണത്തിനും പ്രതിരോധത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള ബഹ്‌റൈന്റെ പുതിയ സമീപനം വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുന്നു. പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഗാർഹിക പീഡന പരാതികളിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-ൽ 2,770 ഗാർഹിക പീഡന കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത്, 2025-ൽ അത് 1,412 ആയി ചുരുങ്ങി. ഒറ്റവർഷം കൊണ്ട് 49 ശതമാനത്തിന്റെ വൻ ഇടിവാണ് ഈ രംഗത്തുണ്ടായത്.

കഴിഞ്ഞ നാല് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഗാർഹിക പീഡന കേസുകളിൽ ക്രമാനുഗതമായ കുറവ് കാണാം. 2022-ൽ 3,017 കേസുകളും, 2023-ൽ 2,807 കേസുകളും, 2024-ൽ 2,770 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. ഇതിന് ശേഷമാണ് 2025-ൽ റെക്കോർഡ് കുറവ് രേഖപ്പെടുത്തിയത്.

ശക്തമായ നിയമനിർമ്മാണം, സുരക്ഷാ ഉത്തരവുകളുടെ (Protection Orders) ഫലപ്രദമായ നടപ്പാക്കൽ, കുടുംബ അനുരഞ്ജന സംവിധാനങ്ങൾ, പ്രതിരോധ നീതി പ്രോഗ്രാമുകൾ എന്നിവയാണ് കേസ് നിരക്ക് കുറയാൻ കാരണമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കുട്ടികൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ചും സംരക്ഷണ മാർഗങ്ങളെക്കുറിച്ചും സ്കൂളുകൾ വഴി നൽകുന്ന ബോധവൽക്കരണം വലിയ പങ്കുവഹിച്ചതായി വിദ്യാഭ്യാസ വിദഗ്ധരും വിലയിരുത്തുന്നു. ഗാർഹിക പീഡനം ഒരു അടഞ്ഞ കുടുംബപ്രശ്നം എന്നതിലുപരി, നിയമസംവിധാനങ്ങൾ, കുടുംബങ്ങൾ, സ്കൂളുകൾ, സംരക്ഷണ ഏജൻസികൾ എന്നിവയെല്ലാം ചേർന്നുള്ള ഒരു സാമൂഹിക ഉത്തരവാദിത്തമായാണ് ഇപ്പോൾ കാണുന്നത്.

തർക്കങ്ങൾ നേരത്തെ പരിഹരിക്കാനും കുടുംബങ്ങളിൽ വീണ്ടും വിശ്വാസം കെട്ടിപ്പടുക്കാനും കുടുംബ അനുരഞ്ജന ചർച്ചകൾ വലിയ സഹായമാകുന്നുണ്ട്. 'റായ' (Reaya) പ്രോഗ്രാം, ഫാമിലി മീഡിയേഷൻ ആൻഡ് റീകൺസിലിയേഷൻ ഓഫീസുകൾ, ബദൽ ശിക്ഷാ നടപടികൾ (Alternative Sentencing) തുടങ്ങിയ പദ്ധതികൾ കുറ്റകൃത്യങ്ങൾ നടന്ന ശേഷം നടപടിയെടുക്കുന്നതിന് പകരം അതിന്റെ മൂലകാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിലേക്ക് നീതിന്യായ തത്വശാസ്ത്രത്തെ മാറ്റിമറിച്ചു.

ഫാമിലി ആൻഡ് ചൈൽഡ് പ്രോസിക്യൂഷന്റെ കണക്കുകൾ പ്രകാരം 15 സുരക്ഷാ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ചൈൽഡ് പ്രൊട്ടക്ഷൻ കേസുകളിൽ 7 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് പീഡനങ്ങൾക്ക് ഇരയാകുന്നവരിൽ ഭൂരിഭാഗവും.

നിലവിലെ വലിയ തോതിലുള്ള ഈ കുറവ് ബഹ്‌റൈനിലെ ശക്തമായ നിയമങ്ങളുടെയും ബോധവൽക്കരണ ക്യാമ്പയിനുകളുടെയും വിജയമാണോ, അതോ കുടുംബ സുരക്ഷയിൽ സുസ്ഥിരമായ പുരോഗതി ഉറപ്പാക്കാൻ കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമുണ്ടോ എന്നതിനെക്കുറിച്ചുള്ള വിപുലമായ ചർച്ചകൾക്കും ഈ റിപ്പോർട്ട് വഴിതുറക്കുന്നുണ്ട്.

article-image

dsdfsfdsfsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed