എബോള വ്യാപന ഭീതി; യാത്രാവിലക്കും കർശന നിയന്ത്രണങ്ങളുമായി ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ
പ്രദീപ് പുറവങ്കര
മനാമ: കോംഗോയിൽ അതിവേഗം പടരുന്ന എബോള വൈറസ് വൻ ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുമായി ലോകരാജ്യങ്ങൾ. വൈറസ് ബാധ മറ്റ് പത്ത് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കൂടി പടരാൻ സാധ്യതയുണ്ടെന്ന് ആഫ്രിക്കൻ യൂണിയൻ ഹെൽത്ത് ചീഫ് ജീൻ കസേയ മുന്നറിയിപ്പ് നൽകി. അങ്കോള, ബുറുണ്ടി, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, കെനിയ, റുവാണ്ട, സൗത്ത് സുഡാൻ, ടാൻസാനിയ, സാംബിയ എന്നീ രാജ്യങ്ങളാണ് ഭീഷണിയിലുള്ളത്. ജനങ്ങളുടെ ഉയർന്ന തോതിലുള്ള കുടിയേറ്റവും പ്രദേശത്തെ അസ്ഥിരതയുമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
വൈറസ് വ്യാപനം തടയാൻ ഗൾഫ് മേഖലയിൽ ആദ്യമായി ശക്തമായ നടപടികൾ സ്വീകരിച്ച രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ. മെയ് 19 മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം സൗത്ത് സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC), ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള ബഹ്‌റൈനികളല്ലാത്ത യാത്രക്കാർക്ക് 30 ദിവസത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഈ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്ന ബഹ്‌റൈൻ പൗരന്മാർക്ക് കർശനമായ ആരോഗ്യ പ്രോട്ടോക്കോളുകളും നിർബന്ധമാക്കിയിട്ടുണ്ട്.
അമേരിക്കയും യൂറോപ്യൻ യൂണിയനും പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി മെയ് 18 മുതൽ യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പുമായി ചേർന്ന് കർശനമായ യാത്രാ പരിശോധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി അമേരിക്ക അറിയിച്ചു. യൂറോപ്യൻ യൂണിയൻ മെയ് 20-ന് ഹെൽത്ത് സെക്യൂരിറ്റി കമ്മിറ്റിയുടെ ഉന്നതതല യോഗം ചേരുകയും, മെയ് 22-ഓടെ മുൻകരുതൽ നടപടികളും എക്സിറ്റ് സ്ക്രീനിംഗ് ശുപാർശകളും ഉൾപ്പെടെയുള്ള പൊതുവായ സമീപനം പ്രഖ്യാപിക്കുകയും ചെയ്തു.
ആദ്യ എബോള കേസുകൾ സ്ഥിരീകരിച്ചതോടെ ഉഗാണ്ട അയൽരാജ്യമായ കോംഗോയുമായുള്ള എല്ലാ പൊതുഗതാഗത ബന്ധങ്ങളും താൽക്കാലികമായി റദ്ദാക്കി. കൂടാതെ, ഇരുപത് ലക്ഷത്തോളം ആളുകൾ പങ്കെടുക്കുന്ന വാർഷിക രക്തസാക്ഷി ദിനാഘോഷങ്ങളും എബോള ഭീഷണിയെ തുടർന്ന് ഉഗാണ്ട മാറ്റിവെച്ചു. കോംഗോയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 17-ാമത് എബോള വ്യാപനമാണിത്. കൃത്യമായ പ്രതിവിധികളില്ലാത്ത ഈ മാരക വൈറസിനെ തടയാൻ ലോകരാജ്യങ്ങളുടെ അടിയന്തരവും ഏകോപിതവുമായ നീക്കം അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
adsadfsfdfsaafs

