യുകെ-ജിസിസി ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്; ബഹ്‌റൈനും യുകെയുമായുള്ള വാണിജ്യ ബന്ധത്തിൽ വൻ കുതിച്ചുചാട്ടം


പ്രദീപ് പുറവങ്കര

മനാമ: യുകെയും ഗൾഫ് സഹകരണ കൗൺസിലും (ജിസിസി) തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) ചർച്ചകൾ വിജയകരമായി പൂർത്തിയായി. ഒരു ജി7 രാജ്യവുമായി ജിസിസി ഒപ്പുവെക്കുന്ന ആദ്യത്തെ പ്രധാന കരാറാണിത്. ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ആറ് ജിസിസി അംഗരാജ്യങ്ങളെയും ഉൾക്കൊള്ളുന്നതാണ് ഈ ബൃഹത്തായ പദ്ധതി.

പുതിയ കരാറിലൂടെ യുകെയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ ഏകദേശം 20 ശതമാനത്തിന്റെ വർദ്ധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത് വഴി പ്രതിവർഷം 15.5 ബില്യൺ പൗണ്ടിന്റെ അധിക വരുമാനം കൈവരിക്കാനാകും. നിലവിൽ യുകെയും ബഹ്‌റൈനും തമ്മിലുള്ള ചരക്ക്-സേവന വ്യാപാരം 1.3 ബില്യൺ പൗണ്ടാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള 2 ബില്യൺ പൗണ്ടിന്റെ സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് കൊളാബറേഷൻ പാർട്ണർഷിപ്പിന് പുതിയ കരാർ കൂടുതൽ കരുത്തുപകരും.

ബഹ്‌റൈനെ സംബന്ധിച്ചിടത്തോളം നിലവിൽ യുകെയിലേക്കുള്ള എല്ലാ കയറ്റുമതികൾക്കുമുള്ള കസ്റ്റംസ് നികുതികൾ ഉടനടി ഒഴിവാക്കപ്പെടും. കൂടാതെ കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കുകയും സർവീസ് മേഖലയിലെ കമ്പനികൾക്ക് പുതിയ വിപണി സാധ്യതകൾ തുറന്നുകിട്ടുകയും ചെയ്യും. ഫിൻടെക്, ബാങ്കിംഗ്, ഇൻഷുറൻസ് ഉൾപ്പെടെയുള്ള ധനകാര്യ മേഖലയ്ക്ക് സാമ്പത്തിക വിവരങ്ങളുടെ സുഗമമായ കൈമാറ്റം ഉറപ്പാക്കുന്ന മികച്ച വാഗ്ദാനങ്ങളാണ് കരാറിലുള്ളത്. ഇതിനുപുറമെ, യോഗ്യതകളുടെ പരസ്പര അംഗീകാരത്തിലൂടെയും ലളിതമായ വിസ നടപടികളിലൂടെയും എൻജിനീയർമാർ, അഭിഭാഷകർ, അക്കൗണ്ടന്റുമാർ തുടങ്ങിയ പ്രൊഫഷണലുകൾക്ക് അതിർത്തികൾ കടന്നുള്ള തൊഴിൽ സാധ്യതകൾ എളുപ്പമാകും.

ബ്രിട്ടീഷ് ഉപഭോക്താക്കൾക്ക് ഗൾഫ് ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാകുമ്പോൾ, ബഹ്‌റൈനിലെ ഉപഭോക്താക്കൾക്ക് സ്മോക്ഡ് സാൽമൺ, ചെഡ്ഡാർ ചീസ് അടക്കമുള്ള യുകെയിൽ നിന്നുള്ള ഭക്ഷണ-പാനീയങ്ങൾ കൂടുതൽ വിലക്കുറവിൽ ലഭിക്കും. നിലവിൽ പ്രതിവർഷം 32 മില്യൺ പൗണ്ടിന്റെ ഭക്ഷ്യ ഉൽപന്നങ്ങളാണ് യുകെ ബഹ്‌റൈനിലേക്ക് കയറ്റി അയക്കുന്നത്.

യുകെ-ബഹ്‌റൈൻ ബന്ധത്തിലെ ചരിത്രപരമായ നാഴികക്കല്ലാണിതെന്ന് ബഹ്‌റൈനിലെ ബ്രിട്ടീഷ് അംബാസഡർ അലസ്റ്റെയർ ലോങ് വിശേഷിപ്പിച്ചു. ധനകാര്യ സേവനങ്ങൾ, സാങ്കേതികവിദ്യ, ഹരിതോർജ്ജം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കൂടുതൽ അവസരങ്ങൾ തുറക്കാൻ ഈ കരാർ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകൾ പൂർത്തിയായതിനെ ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്‌സ് ബഹ്‌റൈൻ വൈസ് ചെയർ പേഴ്‌സൺ പോള ബോസ്റ്റും സ്വാഗതം ചെയ്തു. കരാറിന്റെ വാണിജ്യപരമായ നേട്ടങ്ങൾ കൊയ്യാൻ ബഹ്‌റൈനിലെ ബിസിനസ്സ് മേഖല പൂർണ്ണ സജ്ജമാണെന്ന് അവർ വ്യക്തമാക്കി.

article-image

േ്ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed