ബഹ്റൈൻ രാജമുദ്രയുള്ള പതക്കം വിഴുങ്ങിയ കുട്ടിക്ക് രക്ഷകനായി മെഡിക്കൽ സംഘം; വിജയകരമായ ശസ്ത്രക്രിയ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ രാജ്യത്തിന്റെ ഔദ്യോഗിക മുദ്രയുള്ള പതക്കം അബദ്ധത്തിൽ വിഴുങ്ങി ജീവൻ അപകടത്തിലായ കുഞ്ഞിനെ അത്യാധുനിക എൻഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ രക്ഷപെടുത്തി. ബ്രൂച്ച് കുട്ടിയുടെ അന്നനാളത്തിൽ കുടുങ്ങിയതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്.
റോയൽ മെഡിക്കൽ സർവീസസിലെ പീഡിയാട്രിക് ആൻഡ് നിയോനാറ്റൽ സർജറി കൺസൾട്ടന്റായ ഡോ. അബ്ദുറഹ്മാൻ അൽ ഷാഫിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. അന്നനാളത്തിൽ കുടുങ്ങിയ ബ്രൂച്ച് മറ്റ് ആന്തരികാവയവങ്ങൾക്ക് പരിക്കേൽപ്പിക്കാതെ അതീവ ജാഗ്രതയോടെ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുക്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും, അപകടനില തരണം ചെയ്ത കുട്ടി പൂർണ്ണ സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. ചെറിയ വസ്തുക്കൾ കുട്ടികൾക്ക് കൈയെത്താത്ത ദൂരത്ത് സൂക്ഷിക്കണമെന്നും, അബദ്ധത്തിൽ എന്തെങ്കിലും വിഴുങ്ങിയതായി സംശയം തോന്നിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും മെഡിക്കൽ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
േ്ിേി

