ഡെലിവറി കമ്പനികൾക്ക് ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കാൻ ബഹ്റൈൻ പാർലമെന്റിൽ പ്രമേയം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ ഡെലിവറി കമ്പനികൾ ഘട്ടംഘട്ടമായി ഇലക്ട്രിക് കാറുകളിലേക്കും ബൈക്കുകളിലേക്കും മാറണമെന്ന ആവശ്യവുമായി പാർലമെന്റിൽ പ്രമേയം. ചെറിയ ഓർഡറുകൾക്ക് പോലും ഡെലിവറി വാഹനങ്ങളെ ആശ്രയിക്കുന്നത് വർദ്ധിച്ചതോടെ അന്തരീക്ഷ മലിനീകരണം, ശബ്ദമലിനീകരണം, റോഡുകളിലെ തിരക്ക് എന്നിവ വർദ്ധിച്ചതായി എം.പി അഹമ്മദ് അൽ സല്ലൂം മുന്നറിയിപ്പ് നൽകി.
ഇന്ധന ഉപയോഗം കുറയ്ക്കാനും ജനവാസ മേഖലകളിലെ ശബ്ദമലിനീകരണം ഇല്ലാതാക്കാനും ലക്ഷ്യമിട്ട് ക്ലീൻ ട്രാൻസ്പോർട്ട് സംവിധാനങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം. പൊതുഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി ഡെലിവറി മേഖലയ്ക്കായി പുതിയ നിയമങ്ങൾ തയ്യാറാക്കുകയാണെന്ന് ഗതാഗത-വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ക്യാബിനറ്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കാനിരിക്കുന്ന ഈ പുതിയ നിയമപ്രകാരം ഡെലിവറി കമ്പനികൾ ലൈസൻസുള്ള ഇലക്ട്രിക് വാഹന ദാതാക്കളുമായി സഹകരിക്കേണ്ടി വരും. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, സാധാരണ മോട്ടോർ ബൈക്കുകളെ അപേക്ഷിച്ച് ഇലക്ട്രിക് ബൈക്കുകളുടെ പെർമിറ്റ് ഫീസിൽ ഇളവുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും മന്ത്രാലയം വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒരു ചെറിയ മിഠായി പാക്കറ്റ് വാങ്ങാൻ പോലും ആളുകൾ ഇപ്പോൾ ഡെലിവറി ആപ്പുകളെയാണ് ആശ്രയിക്കുന്നതെന്നും ഇത് പരിസ്ഥിതിക്കും റോഡുകൾക്കും വലിയ ഭാരമാകുന്നുണ്ടെന്നും അൽ സല്ലൂം ചൂണ്ടിക്കാട്ടി. പുതിയ ലൈസൻസിന് അപേക്ഷിക്കുന്ന കമ്പനികൾ മുതൽ ഈ മാറ്റം നിർബന്ധമാക്കണമെന്നും, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് കമ്പനികൾക്ക് ചിലവ് കുറയ്ക്കാനും ഗതാഗതം കൂടുതൽ സുഗമമാക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
fghfdh

