നായ്ക്കളുടെ ഷാംപൂ ബോട്ടിലുകളിൽ മയക്കുമരുന്ന് കടത്ത്: രണ്ട് ഏഷ്യൻ പൗരന്മാരുടെ ജയിൽ ശിക്ഷ ബഹ്റൈൻ കോടതി ശരിവെച്ചു
പ്രദീപ് പുറവങ്കര
മനാമ: നായ്ക്കൾക്കുള്ള ഷാംപൂ ബോട്ടിലുകളിൽ ഒളിപ്പിച്ച് ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ രണ്ട് ഏഷ്യൻ പൗരന്മാരുടെ ജയിൽ ശിക്ഷ ബഹ്റൈൻ സുപ്രീം കോടതി (കോർട്ട് ഓഫ് കസേഷൻ) ശരിവെച്ചു. കേസ് അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘവുമായി ബന്ധപ്പെട്ടതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
കേസിലെ ഒന്നാം പ്രതിയായ 23 കാരന് 15 വർഷം തടവും 5,000 ബഹ്റൈനി ദീനാർ പിഴയുമാണ് കോടതി വിധിച്ചത്. മയക്കുമരുന്ന് കൈവശം വെക്കുകയും വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുകയും ചെയ്ത രണ്ടാം പ്രതിക്ക് 6 മാസം തടവും 100 ദീനാർ പിഴയും ചുമത്തി. തപാൽ വഴി വന്ന രണ്ട് പാഴ്സലുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയമാണ് വൻ മയക്കുമരുന്ന് വേട്ടയിലേക്ക് നയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ നായ്ക്കളുടെ ഷാംപൂ ബോട്ടിലുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ദ്രാവക രൂപത്തിലുള്ള മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. ലബോറട്ടറി പരിശോധനയിൽ ഇത് സി.ബി.ഡി (CBD) ഇനത്തിൽപ്പെട്ട മയക്കുമരുന്നാണെന്ന് സ്ഥിരീകരിച്ചു.
എയർ കാർഗോ വഴി ഹെൽത്ത് സപ്ലിമെന്റുകളിലും പേഴ്സണൽ കെയർ ഉൽപ്പന്നങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തുന്ന വലിയൊരു സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് ഗുളികകളും പണവും കണ്ടെടുത്തു. കൂടാതെ, പ്രതികൾ 2019 നും 2024 നും ഇടയിൽ മയക്കുമരുന്ന് ഇടപാടുകളിലൂടെ ഏകദേശം 17.42 ലക്ഷം (1.742 മില്യൺ) ബഹ്റൈനി ദീനാറിന്റെ സംശയാസ്പദമായ അന്താരാഷ്ട്ര പണമിടപാടുകൾ നടത്തിയതായും സാമ്പത്തിക അന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
dsfsfs

