യാത്രാവിലക്ക് കാലാവധി മൂന്ന് വർഷമാക്കി ഉയർത്തി: നിയമഭേദഗതിക്ക് ശൂറ കൗൺസിൽ അംഗീകാരം
പ്രദീപ് പുറവങ്കര
മനാമ: സിവിൽ, വാണിജ്യ കടബാധ്യത കേസുകളിൽ ഏർപ്പെടുത്തുന്ന യാത്രാവിലക്കിന്റെ കാലാവധി ഒൻപത് മാസത്തിൽ നിന്ന് മൂന്ന് വർഷമായി ഉയർത്തുന്ന കരട് നിയമത്തിന് ബഹ്‌റൈൻ ശൂറ കൗൺസിൽ അംഗീകാരം നൽകി. കടം തിരിച്ചുപിടിക്കുന്നതിനുള്ള നിയമനടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പുതിയ ഭേദഗതി പ്രകാരം, ബഹ്‌റൈനികൾ അല്ലാത്ത കടബാധ്യതയുള്ളവരുടെ യാത്രാവിലക്ക് നീട്ടുന്നതിന് എക്സിക്യൂഷൻ ജഡ്ജിക്ക് പ്രത്യേക പരിധിയില്ലാതെ അധികാരം ഉണ്ടായിരിക്കും.
ഗവൺമെന്റ്, ശൂറ കൗൺസിൽ, ബഹ്‌റൈൻ ബാർ സൊസൈറ്റി എന്നിവയുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെയാണ് ഈ ഭേദഗതി കൊണ്ടുവന്നതെന്ന് ശൂറ കൗൺസിൽ അംഗം ദലാൽ അൽ സായിദ് പറഞ്ഞു. യാത്രാവിലക്ക് നിലവിലുള്ളപ്പോൾ താമസാനുമതി റദ്ദാക്കുന്നതിനോ നാടുകടത്തുന്നതിനോ ഉള്ള ഭരണപരമായ അധികാരങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ഈ ബില്ലിൽ വ്യവസ്ഥയുണ്ട്. സ്വത്തുക്കൾ കണ്ടെത്താനും കുടിശ്ശിക ഈടാക്കാനും കോടതികൾക്കും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കും മതിയായ സമയം നൽകാൻ പുതിയ നിയമം സഹായിക്കുമെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.
യാത്രാവിലക്ക് എന്നത് ഒരു ശിക്ഷയല്ലെന്നും മറിച്ച് കടം തിരിച്ചുപിടിക്കുന്നത് ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടി മാത്രമാണെന്നും ലെജിസ്ലേറ്റീവ് കമ്മിറ്റി റിപ്പോർട്ടർ ഡോ. ഹാനി അൽ സാത്തി പറഞ്ഞു. കടം നൽകിയവരുടെ അവകാശങ്ങളും കടബാധ്യതയുള്ളവരുടെ നീതിയും തമ്മിലുള്ള തുലനാവസ്ഥ നിലനിർത്താൻ നിയമത്തിൽ വ്യവസ്ഥകളുണ്ട്. ശൂറ കൗൺസിൽ അംഗീകരിച്ച ഈ കരട് നിയമം ഇനി അന്തിമ അംഗീകാരത്തിനായി തുടർന്നുള്ള നിയമനിർമ്മാണ നടപടികളിലേക്ക് കടക്കും.
sdsfds

