ഗ്യാസ് സിലിണ്ടർ സ്ഫോടനങ്ങൾ വർധിക്കുന്നു: ജാഗ്രതാ നിർദ്ദേശങ്ങളുമായി സിവിൽ ഡിഫൻസ്
പ്രദീപ് പുറവങ്കര
മനാമ: വീടുകളിലും സ്ഥാപനങ്ങളിലും ഗ്യാസ് സിലിണ്ടറുകൾ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധ വലിയ സുരക്ഷാ ഭീഷണിയാകുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. അറ്റകുറ്റപ്പണികളിലെ കുറവും വാതക ചോർച്ചയുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. 2025 ഫെബ്രുവരിയിൽ അറാദിലെ റെസ്റ്റോറന്റിലുണ്ടായ സ്ഫോടനവും കെട്ടിടം തകർന്നുണ്ടായ മരണങ്ങളും, അടുത്തിടെ അൽ ലൗസിയിൽ ഒരു സ്ത്രീക്ക് പരിക്കേറ്റ സംഭവവും ഗ്യാസ് സുരക്ഷയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു. 2024-2025 കാലയളവിൽ വാതക ചോർച്ച മൂലം 300-ലധികം തീപിടുത്തങ്ങളും 21 സ്ഫോടനങ്ങളും ഉണ്ടായതായി ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ വ്യക്തമാക്കി.
ലളിതമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിലൂടെ ഇത്തരം അപകടങ്ങൾ ഒഴിവാക്കാമെന്ന് നാഷണൽ സിവിൽ പ്രൊട്ടക്ഷൻ പ്ലാറ്റ്‌ഫോം നിർദ്ദേശിക്കുന്നു. സിലിണ്ടറുകൾ എപ്പോഴും ലംബമായി (Upright) വയ്ക്കണമെന്നും നേരിട്ട് വെയിൽ ഏൽക്കാത്ത വിധം വായുസഞ്ചാരമുള്ള പുറംഭാഗങ്ങളിൽ സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. ഗ്യാസ് പൈപ്പുകളും കണക്ഷനുകളും സ്റ്റീൽ അല്ലെങ്കിൽ പിച്ചള പോലുള്ള ഉറപ്പുള്ള വസ്തുക്കൾ കൊണ്ടുണ്ടാക്കിയവ ആയിരിക്കണം. ഉറങ്ങുന്നതിന് മുൻപോ വീടിന് പുറത്തേക്ക് പോകുമ്പോഴോ സിലിണ്ടർ വാൽവ് കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
അടുപ്പുകളും ഗ്യാസ് പൈപ്പുകളും കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് തകരാറുകൾ ഇല്ലെന്ന് ഉറപ്പാക്കണം. അടുക്കളകളിൽ ഗ്യാസ് ലീക്ക് ഡിറ്റക്ടറുകൾ സ്ഥാപിക്കുന്നത് അപകടങ്ങൾ നേരത്തെ തിരിച്ചറിയാൻ സഹായിക്കും. തീപിടുത്തം ഉണ്ടായാൽ നേരിടാൻ വാട്ടർ ബേസ്ഡ് എക്സ്റ്റിംഗുഷറുകളും, ഗ്യാസ് അല്ലെങ്കിൽ ഇലക്ട്രിക്കൽ അപകടങ്ങൾക്കായി CO2 എക്സ്റ്റിംഗുഷറുകളും വീട്ടിൽ കരുതണമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് നിർദ്ദേശിച്ചു.
xzfdf

