ബഹ്‌റൈനിലേക്ക് കൂടുതൽ സർവീസുകളുമായി ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും; മുംബൈ, കണ്ണൂർ യാത്രക്കാർക്ക് ആശ്വാസം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഇന്ത്യയ്ക്കും ബഹ്‌റൈനുമിടയിൽ വിമാന സർവീസുകൾ കൂടുതൽ സജീവമാകുന്നു. പ്രമുഖ വിമാനക്കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും മെയ് മാസം മുതൽ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ പ്രഖ്യാപിച്ചു. ഇൻഡിഗോ എയർലൈൻസ് മുംബൈയ്ക്കും ബഹ്‌റൈനുമിടയിലുള്ള സർവീസുകൾ മെയ് 2 ശനിയാഴ്ച മുതൽ പുനരാരംഭിക്കും. ദിവസേനയുള്ള സർവീസുകളാണ് ഇൻഡിഗോ ക്രമീകരിച്ചിരിക്കുന്നത്. മുംബൈ വഴി ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കുള്ള കണക്ഷൻ വിമാനങ്ങളുടെ ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.

പുതിയ ഷെഡ്യൂൾ പ്രകാരം ഇൻഡിഗോ വിമാനം മുംബൈയിൽ നിന്ന് രാത്രി 20:50-ന് പുറപ്പെട്ട് 21:55-ന് ബഹ്‌റൈനിൽ എത്തും. തിരികെ ബഹ്‌റൈനിൽ നിന്ന് രാത്രി 22:55-ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 05:10-ന് മുംബൈയിൽ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. മുംബൈ സർവീസിന് പിന്നാലെ ബഹ്‌റൈനിൽ നിന്ന് കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ജൂൺ 18 മുതൽ ആരംഭിക്കുമെന്നും ഇൻഡിഗോ അറിയിച്ചു.

അതേസമയം, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ബഹ്‌റൈനിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ മെയ് 7 മുതൽ പുനരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് ആണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. എല്ലാ ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലുമാണ് വിമാനം ലഭ്യമാകുക. കണ്ണൂരിൽ നിന്ന് രാത്രി 08:35-ന് പുറപ്പെടുന്ന വിമാനം ബഹ്‌റൈനിൽ എത്തിച്ചേരുകയും, തുടർന്ന് രാത്രി 11:35-ന് അവിടെ നിന്ന് തിരികെ പുറപ്പെടുകയും ചെയ്യും. അവധിക്കാലം ആരംഭിക്കാനിരിക്കെ പ്രഖ്യാപിക്കപ്പെട്ട ഈ പുതിയ സർവീസുകൾ ബഹ്‌റൈൻ മലയാളി പ്രവാസികൾക്ക് വലിയ ആശ്വാസമാകും.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed