വിവാഹ ആഭരണങ്ങൾക്ക് നാല് ഹാളുകൾ; ജ്വല്ലറി അറേബ്യ 2026 നവംബർ 24 മുതൽ ബഹ്റൈനിൽ
പ്രദീപ് പുറവങ്കര
മനാമ: നവംബർ 24 മുതൽ 28 വരെ നടക്കുന്ന 'ജ്വല്ലറി അറേബ്യ 2026' പ്രദർശനത്തിൽ വിവാഹ ആഭരണങ്ങൾക്കായി നാല് ഹാളുകൾ നീക്കിവെച്ചു. 7, 8, 9, 10 എന്നീ ഹാളുകളിലായാണ് ബ്രൈഡൽ കളക്ഷനുകൾ ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത കരകൗശല പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആഭരണങ്ങൾക്കൊപ്പം, വിവാഹ സെറ്റുകൾ, വജ്രാഭരണങ്ങൾ, സ്വർണാഭരണങ്ങൾ, ആഡംബര ഉൽപ്പന്നങ്ങൾ എന്നിവയും ഇവിടെ ലഭ്യമാകും. പരമ്പരാഗത സ്വർണ സെറ്റുകളും ആധുനിക ഡിസൈനുകളും വജ്രാഭരണങ്ങളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന ശേഖരങ്ങൾ വിവാഹത്തിനൊരുങ്ങുന്നവർക്ക് വിവിധ ബ്രാൻഡുകളിലെ ആഭരണങ്ങൾ താരതമ്യം ചെയ്യാനും തിരഞ്ഞെടുക്കാനും അവസരം നൽകുന്നു.
പ്രദർശനത്തിലെ പ്രത്യേക വിഭാഗങ്ങളുമായും വിവാഹ ആഭരണങ്ങൾ സംയോജിക്കുന്നുണ്ട്. ഇതിൽ പ്രധാനം ബഹ്റൈൻ ഗോൾഡ് സൂക്കാണ്. 40-ലധികം പ്രൊഫഷണൽ സ്വർണപ്പണിക്കാർ പങ്കെടുക്കുന്ന ബഹ്റൈൻ ഗോൾഡ് സൂക്കിന്റെ വിസ്തീർണം ഇത്തവണ ഇരട്ടിയാക്കി 9, 10 ഹാളുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. തനിമയുള്ള വിവാഹ സെറ്റുകൾക്കും ആധുനിക ആഭരണങ്ങൾക്കും പുറമെ നിക്ഷേപത്തിനായുള്ള സ്വർണ ശേഖരങ്ങളും ഇവിടെയുണ്ട്.
ഇന്ത്യൻ സാന്നിധ്യത്തിന്റെ വിപുലമായ തിരിച്ചുവരവിനും 7, 9 ഹാളുകൾ സാക്ഷ്യം വഹിക്കും. പരമ്പരാഗത ഇന്ത്യൻ നിർമാണ രീതികളും ആധുനിക ഡിസൈനുകളും സമന്വയിപ്പിക്കുന്ന 50-ലധികം ജ്വല്ലറി സ്ഥാപനങ്ങളും ബ്രാൻഡുകളും രണ്ട് പവിലിയനുകളിലായി അണിനിരക്കും. ലാബിൽ നിർമിക്കുന്ന വജ്രങ്ങൾ (ലാബ്-ഗ്രോൺ ഡയമണ്ട്സ്) ആദ്യമായി 7-ാം ഹാളിൽ പ്രത്യേക പവിലിയനിലൂടെ പ്രദർശനത്തിന് എത്തുന്നുണ്ട്. മേഖലയിൽ നിന്നും പുറത്തുനിന്നുമുള്ള പങ്കാളികൾ അണിനിരക്കുന്ന ഈ വിഭാഗത്തിൽ, ആഭരണങ്ങൾ കാണാനും പരിശോധനാ റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചറിയാനും സന്ദർശകർക്ക് സാധിക്കും.
ആകെ ഏഴ് ഹാളുകളിലായാണ് ജ്വല്ലറി അറേബ്യയുടെ വിഭാഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 3, 5, 6 ഹാളുകളിൽ ഹൈ-എൻഡ് ആഭരണങ്ങളും, 5, 6 ഹാളുകളിൽ വാച്ചുകളും, 7, 8, 9, 10 ഹാളുകളിൽ വിവാഹ ആഭരണങ്ങളും ഒരുക്കിയിരിക്കുന്നു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലാണ് 'എൻ ഡി ബഹ്റൈൻ' സംഘടിപ്പിക്കുന്ന ജ്വല്ലറി അറേബ്യ 2026 നടക്കുന്നത്. 'പെർഫ്യൂംസ് അറേബ്യ 2026'-നൊപ്പമാണ് ഈ പ്രദർശനവും അരങ്ങേറുന്നത്. 25-ലധികം രാജ്യങ്ങളിൽ നിന്നുള്ള 700-ലധികം ബ്രാൻഡുകളും പ്രദർശകരും ഇരു പ്രദർശനങ്ങളിലുമായി പങ്കെടുക്കുന്നുണ്ട്. ഇതിൽ 112-ലധികം പുതിയ ബ്രാൻഡുകളും ഉൾപ്പെടുന്നു.
്േ്ിി്േ്ിേ


