എ.സി.എ ഇന്റ്രാ അക്കാദമി ചെസ്സ് ടൂർണമെന്റ്: ഹൃദിക്, ആരാധ്യ, അർണവ് എന്നിവർക്ക് കിരീടം
പ്രദീപ് പുറവങ്കര l ബഹ്റൈൻ
സിഞ്ച്: അർജുൻസ് ചെസ്സ് അക്കാദമി (ACA) സംഘടിപ്പിച്ച പതിനേഴാമത് ഇന്റ്രാ അക്കാദമി ചെസ്സ് ടൂർണമെന്റിൽ ഹൃദിക് ഷെട്ടി, ആരാധ്യ റോയ്, അർണവ് സിംഗ് ദേവൻ എന്നിവർ ജേതാക്കളായി. ഏപ്രിൽ 24 വെള്ളിയാഴ്ച സിഞ്ചിലെ അക്കാദമിയിൽ വെച്ചായിരുന്നു മത്സരം നടന്നത്. അണ്ടർ 9, അണ്ടർ 13, അണ്ടർ 17 എന്നീ മൂന്ന് വിഭാഗങ്ങളിലായി എഴുപതോളം വിദ്യാർത്ഥികൾ ടൂർണമെന്റിൽ മാറ്റുരച്ചു.
വിദ്യാർത്ഥികളുടെ മികവ് പരിശോധിക്കുന്നതിനും അവർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂർണമെന്റ് അനുഭവങ്ങൾ നൽകുന്നതിനുമായാണ് അക്കാദമി ഇത്തരം പ്രതിമാസ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ചീഫ് ആർബിറ്റർ ജാനൽ ഡെല സെർന, ഡെപ്യൂട്ടി ചീഫ് ആർബിറ്റർ സഫവാൻ സുബൈർ ഖാൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
അക്കാദമി ഡയറക്ടർ അർജുൻ കക്കടത്ത് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അണ്ടർ 9 വിഭാഗത്തിൽ ഹൃദിക് ഷെട്ടി ഒന്നാം സ്ഥാനവും ഗണേഷ് സെനു രണ്ടാം സ്ഥാനവും ശ്രീപ്രിയൻ സുന്ദരരാജൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അണ്ടർ 13 വിഭാഗത്തിൽ ആരാധ്യ റോയ് ഒന്നാമതെത്തിയപ്പോൾ ജയറാം കണ്ണപ്പൻ, ത്രിഷാൻ മൂർക്കോത്ത് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
അണ്ടർ 17 വിഭാഗത്തിൽ അർണവ് സിംഗ് ദേവൻ ജേതാവായപ്പോൾ വൈഷ്ണവ് സുമേഷ് രണ്ടാം സ്ഥാനവും മുഹമ്മദ് അഹമ്മദ് ഉമർ മൂന്നാം സ്ഥാനവും നേടി.
ോിേ



