തൊഴിലാളികളെ പിരിച്ചുവിടുന്ന കമ്പനികൾക്കെതിരെ കർശന നടപടി വേണം: ബഹ്‌റൈനിൽ അഞ്ച് എം.പിമാരുടെ നിർദ്ദേശം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: സ്വദേശി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി സർക്കാർ നൽകുന്ന വേതന സബ്‌സിഡി ആനുകൂല്യം കൈപ്പറ്റിയ ശേഷം തൊഴിലാളികളെ പിരിച്ചുവിടുന്ന കമ്പനികൾക്കെതിരെ കർശന നിരീക്ഷണം വേണമെന്ന് അഞ്ച് ബഹ്‌റൈൻ എം.പിമാർ ആവശ്യപ്പെട്ടു. ലേബർ ഫണ്ട് (തംകീൻ) നൽകുന്ന ധനസഹായം അവസാനിക്കുന്നതോടെ സ്വദേശി ജീവനക്കാരെ ഒഴിവാക്കുന്ന പ്രവണത തടയണമെന്നാണ് ഇവരുടെ ആവശ്യം.
അഹമ്മദ് അൽ സല്ലൂം, ഹിഷാം അൽ അവാദി, മുഹമ്മദ് അൽ മാരിഫി, സൈനബ് അബ്ദുൽ അമീർ, ഖാലിദ് ബുനാഖ് എന്നിവരാണ് പാർലമെന്റിൽ ഈ അടിയന്തര പ്രമേയം അവതരിപ്പിച്ചത്. സബ്‌സിഡി കാലയളവിൽ മാത്രം സ്വദേശികളെ നിയമിക്കുകയും പണം ലഭിച്ചു കഴിഞ്ഞാൽ അവരെ പുറത്താക്കുകയും ചെയ്യുന്നത് തൊഴിലില്ലായ്മ പരിഹരിക്കാനുള്ള സർക്കാരിന്റെ ലക്ഷ്യങ്ങളെ തകർക്കുമെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ പിഴയടക്കമുള്ള കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കണം. ഗുരുതരമായ ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് വിടണമെന്നും എം.പിമാർ ആവശ്യപ്പെട്ടു. സബ്‌സിഡി കാലാവധി കഴിഞ്ഞാലും ഉദ്യോഗസ്ഥരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ നിരീക്ഷണ സംവിധാനം കൂടുതൽ കാലയളവിലേക്ക് നീട്ടണമെന്നും നിർദ്ദേശത്തിലുണ്ട്.
asad



