ഇറാൻ അക്രമണങ്ങൾക്കെതിരെ അറബ് ഐക്യം; ശക്തമായ പ്രമേയം പാസാക്കി അറബ് ലീഗ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

കെയ്‌റോ: ഗൾഫ് രാജ്യങ്ങൾക്കും ജോർദാനും നേരെ ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ചേർന്നു. ജി.സി.സി രാജ്യങ്ങളുടെയും ഈജിപ്തിന്റെയും പ്രത്യേക അഭ്യർത്ഥനപ്രകാരം വീഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പങ്കെടുത്തു. ആയിരക്കണക്കിന് ബാലസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഡോ. അൽ സയാനി യോഗത്തിൽ ചൂണ്ടിക്കാട്ടി. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഊർജ്ജ നിലയങ്ങൾ, നയതന്ത്ര കാര്യാലയങ്ങൾ തുടങ്ങിയ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ നീക്കങ്ങൾ പ്രാദേശിക സുരക്ഷയെ തകർക്കുന്നതാണെന്നും അയൽപക്ക ബന്ധങ്ങളോടുള്ള ഇറാന്റെ ആദരവില്ലായ്മയാണ് ഇതിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹ്‌റൈൻ തയ്യാറാക്കി അവതരിപ്പിച്ച പ്രമേയം യോഗം ഏകകണ്ഠമായി അംഗീകരിച്ചു. ഇറാന്റെ നിയമവിരുദ്ധമായ ആക്രമണങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതിനെയും അപലപിക്കുന്ന പ്രമേയം, ഗൾഫ് രാജ്യങ്ങൾക്ക് അറബ് ലീഗിന്റെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇറാൻ ഉടൻ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും യു.എൻ ചാർട്ടർ അനുസരിച്ച് സ്വയം പ്രതിരോധിക്കാനുള്ള രാജ്യങ്ങളുടെ അവകാശത്തെ അംഗീകരിക്കുന്നുവെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ട്. ബഹ്‌റൈൻ, യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് നേരെയുള്ള ഇറാന്റെ നീക്കങ്ങൾ അറബ് രാജ്യങ്ങളുടെ സുരക്ഷയ്ക്ക് നേരെയുള്ള നേരിട്ടുള്ള ഭീഷണിയാണെന്ന് യോഗം വിലയിരുത്തി. ഒരു അറബ് രാജ്യത്തിന് നേരെയുള്ള ആക്രമണം മുഴുവൻ അറബ് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് 1950-ലെ സംയുക്ത പ്രതിരോധ ഉടമ്പടി ഉദ്ധരിച്ച് കൗൺസിൽ വ്യക്തമാക്കി.

article-image

ഹൊർമുസ് കടലിടുക്ക് അടയ്ക്കാനോ ബാബ് അൽ മന്ദബ് വഴിയിലുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനോ ഉള്ള ഇറാന്റെ നീക്കങ്ങളെയും കൗൺസിൽ രൂക്ഷമായി വിമർശിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ്ജ വിതരണത്തെയും ബാധിക്കുന്ന ഇത്തരം പ്രകോപനങ്ങളിൽ നിന്ന് ഇറാൻ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഇറാന് മേൽ അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അംബാസഡർ ഫൗസിയ ബിൻത് അബ്ദുള്ള സൈനൽ ഉൾപ്പെടെയുള്ള മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരും ബഹ്‌റൈൻ പ്രതിനിധി സംഘത്തിൽ അംഗങ്ങളായിരുന്നു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed