ഭക്ഷ്യശേഖരം സുരക്ഷിതം, ബഹ്റൈന്റെ പ്രതിരോധം ശക്തം



പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തിന് നേരെ തുടരുന്ന ഇറാൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ സുരക്ഷാ-സാമ്പത്തിക സ്ഥിതിഗതികൾ വിശദീകരിച്ച് നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിന്റെ കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയോടെയാണ് ഓരോ നീക്കങ്ങളെയും പ്രതിരോധിക്കുന്നതെന്ന് വിശദീകരിച്ച എൻസിസി കഴിഞ്ഞ ശനിയാഴ്ച മുതൽ ബഹ്‌റൈൻ ലക്ഷ്യമാക്കി വന്ന 95 മിസൈലുകളും 164 ഡ്രോണുകളും വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തുവെന്നും വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ മാത്രം മൂന്ന് മിസൈലുകളും മൂന്ന് ഡ്രോണുകളും സൈന്യം ആകാശത്തുവെച്ച് നശിപ്പിച്ചു.

ആക്രമണങ്ങൾ കാരണം വിവിധയിടങ്ങളിലുണ്ടായ 120-ലധികം തീപിടുത്തങ്ങൾ സിവിൽ ഡിഫൻസ് ടീം നിയന്ത്രണവിധേയമാക്കി. വീടുകൾക്കും വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആക്രമണങ്ങളിൽ ഇതുവരെ നാല് പേർക്ക് പരിക്കേറ്റു. മുഹറഖിലെ ഒരു സർവ്വകലാശാല, മനാമയിലെ ചില കടകൾ, ഒരു ശുദ്ധജല പ്ലാന്റ് എന്നിവിടങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

രാജ്യത്ത് ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും എല്ലാ അവശ്യസാധനങ്ങളും ആവശ്യമായ അളവിൽ ലഭ്യമാണെന്നും വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം അറിയിച്ചു. വിപണിയിൽ വില വർദ്ധിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അനാവശ്യമായി വില കൂട്ടുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും വിപണിയിലെ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്തൃ സംരക്ഷണ വിഭാഗത്തെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

സുപ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവർക്കും ആക്രമണകാരികളെ സഹായിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നവർക്കും എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ വിശദീകരണ വേളയിൽ വ്യക്തമാക്കി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed