ബഹ്‌റൈനിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണം; സ്ഥാനപതി വിനോദ് കെ. ജേക്കബ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ നിലവിലെ സംഘർഷാവസ്ഥയിൽ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബ് നിർദ്ദേശിച്ചു. ഫെബ്രുവരി 28-ന് ആരംഭിച്ച ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്നും, മേഖലയുടെ സുരക്ഷയും സ്ഥിരതയും ഇന്ത്യക്ക് പ്രധാനമാണെന്നും എല്ലാ പക്ഷവും സംയമനം പാലിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ മാർച്ച് 2-ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ടെലിഫോണിൽ സംസാരിച്ച് ഇന്ത്യയുടെ പൂർണ്ണ പിന്തുണ അറിയിച്ചിരുന്നു. ബഹ്‌റൈൻ സർക്കാരും എംബസിയും നൽകുന്ന സുരക്ഷാ മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്ന് സ്ഥാനപതി ആവശ്യപ്പെട്ടു.
ഇന്ത്യൻ എംബസി സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പാസ്‌പോർട്ട്, വിസ സേവനങ്ങൾ ബഹ്‌റൈൻ മാളിലെ ഐ.സി.എ.സി (ICAC) കേന്ദ്രത്തിൽ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ +973 39418071, +973 38400433 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരായിരിക്കണമെന്നും പ്രാദേശിക നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സ്ഥാനപതി വിനോദ് കെ. ജേക്കബ് ഓർമ്മിപ്പിച്ചു.
sdfsf


