ബഹ്‌റൈനിൽ മഴക്കെടുതി നേരിടാൻ ദ്രുതകർമ്മ സേന; വെള്ളക്കെട്ട് നീക്കാൻ 24 മണിക്കൂറും പ്രവർത്തനം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്ത് പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടുകൾ നീക്കം ചെയ്യാൻ മുനിസിപ്പാലിറ്റി, കാർഷിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള അടിയന്തര വിഭാഗം (Rain Emergency Teams) രംഗത്തിറങ്ങി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ 24 മണിക്കൂറും സേവനം ലഭ്യമാണെന്ന് മന്ത്രി എൻജിനീയർ വായേൽ ബിൻ നാസർ അൽ മുബാറക് അറിയിച്ചു.
മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം വടക്കൻ, തെക്കൻ ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജനവാസ കേന്ദ്രങ്ങളിലും പ്രധാന റോഡുകളിലുമുള്ള വെള്ളം പമ്പ് ചെയ്ത് നീക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു വരികയാണ്. പൊതുമരാമത്ത് മന്ത്രാലയം, സിവിൽ ഡിഫൻസ്, ട്രാഫിക് വിഭാഗം, മുനിസിപ്പൽ കൗൺസിലുകൾ എന്നിവയുമായി ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
അടിയന്തര സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി മന്ത്രാലയം പ്രത്യേക ഹോട്ട്‌ലൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഉൾറോഡുകളിലെ വെള്ളക്കെട്ടുകളെക്കുറിച്ച് വിവരം നൽകാൻ 80008188 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പരാതികളിൽ ഉടനടി നടപടി സ്വീകരിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
dsdefsdfs


