ബഹ്‌റൈന് നേരെ ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണം; വിജയകരമായി പ്രതിരോധിച്ച് ബി.ഡി.എഫ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ ലക്ഷ്യമാക്കി ഇറാൻ നടത്തിയ പുതിയ ബാലസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ പ്രതിരോധ സേന (BDF) വിജയകരമായി തടഞ്ഞു. രാജ്യത്തിൻ്റെ വ്യോമപ്രതിരോധ സംവിധാനം അതീവ ജാഗ്രതയോടെ ശത്രുനീക്കങ്ങളെ നിരീക്ഷിക്കുകയും അവയെ ആകാശത്തുവെച്ച് തന്നെ തകർക്കുകയും ചെയ്തതായി നാഷണൽ കമ്മ്യൂണിക്കേഷൻ സെൻ്റർ അറിയിച്ചു.
പ്രതിരോധ നടപടികൾക്കിടെ മിസൈലുകൾ തകർന്നതിനെത്തുടർന്ന് ചില പ്രദേശങ്ങളിൽ അവശിഷ്ടങ്ങൾ വീണതായി റിപ്പോർട്ടുണ്ട്. ഇതിൻ്റെ ആഘാതം വിലയിരുത്താനും സൈറ്റുകളുടെ സുരക്ഷ ഉറപ്പാക്കാനും ബന്ധപ്പെട്ട അധികൃതർ ഉടനടി നടപടികൾ ആരംഭിച്ചു.
രാജ്യത്തിൻ്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും മേലുള്ള കടന്നുകയറ്റമാണ് ഈ ആക്രമണങ്ങളെന്ന് നാഷണൽ കമ്മ്യൂണിക്കേഷൻ സെൻ്റർ വ്യക്തമാക്കി. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും രാജ്യത്തിൻ്റെ സ്ഥിരതയ്ക്ക് ഭീഷണിയാകുന്ന എന്തിനെയും നേരിടാൻ 24 മണിക്കൂറും സജ്ജമാണെന്നും അധികൃതർ ആവർത്തിച്ചു.
പൊതുജനങ്ങൾ വ്യാജവാർത്തകളിലും അഭ്യൂഹങ്ങളിലും വിശ്വസിക്കരുതെന്നും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും പൊതുതാൽപ്പര്യം മുൻനിർത്തി സഹകരിക്കണമെന്നും കേന്ദ്രം അഭ്യർത്ഥിച്ചു.
asasas


