ജുഫൈർ മേഖലയും ഉയർന്ന കെട്ടിടങ്ങളും സുരക്ഷിതമല്ലെന്ന് ബഹ്റൈനിലെ യുഎസ് എംബസി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ ഉയർന്ന കെട്ടിടങ്ങൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി അതീവ ജാഗ്രതാ നിർദ്ദേശം നൽകി. തലസ്ഥാനത്തെ ജുഫൈർ മേഖലയും രാജ്യത്തെ ഉയർന്ന കെട്ടിടങ്ങളും നിലവിൽ സുരക്ഷിതമല്ലെന്ന് എംബസി അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ വ്യക്തമാക്കി. അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടക്കുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എംബസി അറിയിച്ചു.
ആക്രമണ സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും എംബസി കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. വലിയ സ്ഫോടന ശബ്ദമോ സൈറണുകളോ കേൾക്കുകയാണെങ്കിൽ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും, കെട്ടിടങ്ങൾക്കുള്ളിലാണെങ്കിൽ ഏറ്റവും താഴത്തെ നിലയിൽ, ജനലുകളിൽ നിന്നും പുറം ചുവരുകളിൽ നിന്നും അകന്ന് ഉൾവശത്തെ ഭിത്തിക്ക് സമീപം അഭയം തേടണമെന്നും നിർദേശത്തിൽ പറയുന്നു. പുറത്താണെങ്കിൽ സുരക്ഷിതമായ കോൺക്രീറ്റ് കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണമെന്നും അതിന് സാധിക്കാത്ത പക്ഷം തറയിൽ കിടന്ന് തല കൈകൾ കൊണ്ട് മറയ്ക്കണമെന്നും നിർദ്ദേശമുണ്ട്.
മിസൈലുകളോ ഡ്രോണുകളോ ആകാശത്തുവെച്ച് തകർത്താലും അവയുടെ അവശിഷ്ടങ്ങൾ വീഴുന്നത് വലിയ അപകടമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ പുലർത്തണമെന്നും ആക്രമണത്തിന് ശേഷം അവശിഷ്ടങ്ങൾക്കരികിൽ പോകരുതെന്നും അമേരിക്കൻ എംബസിയുടെ നിർദേശത്തിൽ വ്യക്തമാക്കുന്നു.
aa


