ബഹ്‌റൈൻ വിമാനത്താവളത്തിൽ മൂന്ന് കിലോ കഞ്ചാവ് പിടികൂടി; യാത്രക്കാരൻ കസ്റ്റഡിയിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. മൂന്ന് കിലോ കഞ്ചാവുമായി എത്തിയ യാത്രക്കാരനെയാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. വിമാനത്താവളത്തിലെ പതിവ് പരിശോധനകൾക്കിടെയാണ് ഇയാൾ വലയിലായത്. യാത്രക്കാരന്റെ ബാഗേജുകൾ എക്സ്-റേ മെഷീൻ വഴി പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെത്തുടർന്ന് ഇയാളെ വിശദമായ പരിശോധനയ്ക്കായി 'റെഡ് ലെയ്നിലേക്ക്' മാറ്റുകയായിരുന്നു. തുടർന്ന് ബാഗ് തുറന്ന് നടത്തിയ പരിശോധനയിൽ വസ്ത്രങ്ങൾക്കും മറ്റ് വ്യക്തിഗത സാധനങ്ങൾക്കും ഇടയിൽ അതീവ ജാഗ്രതയോടെ ഒളിപ്പിച്ച നിലയിൽ മൂന്ന് കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
പിടിയിലായ വ്യക്തിയെയും പിടിച്ചെടുത്ത മയക്കുമരുന്നും തുടർന്നുള്ള നിയമനടപടികൾക്കായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റിന് കൈമാറി. ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ ഉടനീളം കർശനമായ പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
sdfsfd


