കോടികളുടെ നിക്ഷേപ തട്ടിപ്പ്: ബഹ്‌റൈനിൽ യുവാവിന് 10 വർഷം തടവും ലക്ഷങ്ങൾ പിഴയും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: റിയൽ എസ്റ്റേറ്റ്, ആഡംബര വസ്തുക്കൾ, വാണിജ്യ സംരംഭങ്ങൾ എന്നിവയിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് വലിയൊരു തുക തട്ടിയെടുത്ത കേസിൽ പ്രതിക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി. ഹൈ ക്രിമിനൽ അപ്പീൽ കോടതി ശിക്ഷ ശരിവെക്കുകയും ഒരു ലക്ഷം ബഹ്‌റൈനി ദിനാർ പിഴ ചുമത്തുകയും ചെയ്തു. ഇതിനുപുറമെ ഇരകളിൽ നിന്ന് തട്ടിയെടുത്ത തുക മുഴുവൻ തിരികെ നൽകാനും കോടതി ഉത്തരവിട്ടു. 30 ലക്ഷത്തിലധികം ബഹ്‌റൈനി ദിനാറിന്റെ (ഏകദേശം 66 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടമാണ് വിവിധ നിക്ഷേപകർക്ക് ഉണ്ടായതെന്ന് കണക്കാക്കപ്പെടുന്നു.
2020-നും 2023-നും ഇടയിലാണ് ഈ തട്ടിപ്പ് നടന്നത്. ആഡംബര കാറുകൾ, വിലകൂടിയ വാച്ചുകൾ, വിശിഷ്ടമായ വാഹന നമ്പർ പ്ലേറ്റുകൾ എന്നിവയുടെ ബിസിനസ്സ് ഉണ്ടെന്ന് കാണിച്ചാണ് പ്രതി നിക്ഷേപകരുടെ വിശ്വാസം നേടിയെടുത്തത്. നിക്ഷേപിക്കുന്ന തുക അവരുടെ പേരിൽ തന്നെ രജിസ്റ്റർ ചെയ്യുമെന്നും ലാഭം പ്രത്യേക ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറുമെന്നും ഇയാൾ വിശ്വസിപ്പിച്ചു. എന്നാൽ ഇത്തരത്തിൽ യാതൊരു അക്കൗണ്ടുകളും തുറക്കുകയോ നിക്ഷേപങ്ങൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കോടതി കണ്ടെത്തി.
ഒരു നിക്ഷേപകനിൽ നിന്ന് മാത്രം ബാങ്ക് ട്രാൻസ്ഫർ വഴിയും വാഹനങ്ങൾ, ജെറ്റ് സ്കീ തുടങ്ങിയ ആസ്തികളായും ഏകദേശം 16.7 ലക്ഷം ദിനാറാണ് ഇയാൾ കൈക്കലാക്കിയത്. വസ്തുവകകളിലും ബിസിനസ്സിലും നിക്ഷേപിക്കാനായി 20 ലക്ഷത്തോളം ദിനാർ നൽകിയ ഒരു ഗൾഫ് വ്യവസായിയും തട്ടിപ്പിനിരയായി. തന്റെ പേരിൽ ഒരു ആസ്തിയും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വൈകിയാണ് ഇദ്ദേഹം തിരിച്ചറിഞ്ഞത്. കൂടാതെ സീഫ് ഏരിയയിലെ വിനോദസഞ്ചാര പദ്ധതിയുടെ പേരിൽ 10 ലക്ഷം സൗദി റിയാലും, ജോലി വാഗ്ദാനം ചെയ്ത് മറ്റൊരു വ്യക്തിയിൽ നിന്ന് 45,000 ദിനാറും ഇയാൾ തട്ടിയെടുത്തു.
അംഗീകൃത ലൈസൻസില്ലാതെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും നിയമപരമായ കരാറുകളില്ലാതെ വ്യക്തിപരമായ വിശ്വാസത്തിന്റെ പുറത്ത് പണം കൈമാറുന്നതും വലിയ അപകടമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. ഔദ്യോഗിക സംവിധാനങ്ങൾക്ക് പുറത്തുള്ള ഇത്തരം നിക്ഷേപ പ്രവർത്തനങ്ങൾ കർശനമായ ക്രിമിനൽ നടപടികൾക്ക് കാരണമാകുമെന്ന് ഈ വിധിയിലൂടെ കോടതി വീണ്ടും വ്യക്തമാക്കി.
esfsf


