മകനെ ആശുപത്രിയിൽ ഉപേക്ഷിച്ചെന്ന കേസ്: പ്രായമായ മാതാപിതാക്കളെ കോടതി വെറുതെ വിട്ടു


മകനെ ആശുപത്രിയിൽ ഉപേക്ഷിച്ചെന്ന കേസ്: പ്രായമായ മാതാപിതാക്കളെ കോടതി വെറുതെ വിട്ടു
പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: മാനസിക വെല്ലുവിളി നേരിടുന്ന മകനെ പത്തുവർഷമായി സർക്കാർ ആശുപത്രിയിൽ ഉപേക്ഷിച്ചുവെന്ന കേസിൽ ബഹ്‌റൈനികളായ മാതാപിതാക്കളെ ലോവർ ക്രിമിനൽ കോടതി കുറ്റവിമുക്തരാക്കി. കുടുംബത്തിന്റെ ദയനീയമായ സാഹചര്യവും മകന്റെ സുരക്ഷയും മുൻനിർത്തിയാണ് കോടതി ഈ വിധി പ്രസ്താവിച്ചത്. നിലവിൽ 40 വയസ്സുള്ള മകന് പത്ത് വയസ്സുകാരന്റെ മാനസിക വളർച്ചയേയുള്ളൂവെന്നും മുൻകാലങ്ങളിൽ ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ ഇയാൾക്ക് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കോടതി കണ്ടെത്തി.

പ്രായമായ തങ്ങൾക്ക് മകന്റെ പ്രത്യേക പെരുമാറ്റരീതികൾ നിയന്ത്രിക്കാനോ അവനെ സംരക്ഷിക്കാനോ ഉള്ള ശാരീരിക ശേഷിയില്ലെന്ന് 67-കാരനായ പിതാവ് കോടതിയിൽ ബോധിപ്പിച്ചു. മുമ്പ് വീട്ടിലുണ്ടായിരുന്ന സമയത്ത് മകൻ പലതവണ സാമൂഹിക വിരുദ്ധരുടെ മർദ്ദനത്തിനും പീഡനത്തിനും ഇരയായിരുന്നുവെന്നും അത്തരം സാഹചര്യങ്ങളിൽ നിന്ന് അവനെ കാത്തുസൂക്ഷിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നുമാണ് ഇവർ വാദിച്ചത്. മകന് സർക്കാർ നൽകുന്ന ഭിന്നശേഷി ആനുകൂല്യം മാതാപിതാക്കൾ തട്ടിയെടുക്കുന്നു എന്ന പ്രോസിക്യൂഷൻ ആരോപണം പ്രതിഭാഗം വക്കീൽ കോടതിയിൽ നിഷേധിച്ചു. സർക്കാരിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ വലിയ തുക മകന്റെ വസ്ത്രങ്ങൾക്കും ഭക്ഷണത്തിനുമായി ഈ മാതാപിതാക്കൾ ചെലവാക്കുന്നുണ്ടെന്ന് അദ്ദേഹം തെളിവുകൾ സഹിതം ബോധിപ്പിച്ചു.

ആശുപത്രിയിലെ ദീർഘകാല ചികിൽസാ സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ മാതാപിതാക്കൾക്കെതിരെ കേസെടുത്തിരുന്നത്. മകന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വീട്ടിലേക്ക് കൊണ്ടുപോകണമെന്നുമുള്ള ആശുപത്രി അധികൃതരുടെ നിർദ്ദേശം മാതാപിതാക്കൾ അവഗണിച്ചു എന്നായിരുന്നു ആരോപണം. എന്നാൽ, കോടതി നിയോഗിച്ച സോഷ്യൽ വർക്കറുടെയും മനഃശാസ്ത്രജ്ഞരുടെയും റിപ്പോർട്ടുകൾ മാതാപിതാക്കൾക്ക് അനുകൂലമായിരുന്നു. സ്വന്തം കാര്യങ്ങൾ നോക്കാൻ പോലും മറ്റുള്ളവരുടെ സഹായം ആവശ്യമുള്ള രോഗികളായ മാതാപിതാക്കൾക്ക് മകനെ വീട്ടിൽ സംരക്ഷിക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

മകനെ എല്ലാ വെള്ളിയാഴ്ചകളിലും ഇവർ സന്ദർശിക്കാറുണ്ടെന്നും വിശേഷ ദിവസങ്ങളിൽ വീട്ടിൽ കൊണ്ടുപോകാറുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ ദുർബലമാണെന്നും മകനെ ആശുപത്രിയിൽ തന്നെ താമസിപ്പിക്കുന്നതാണ് അവന്റെ സുരക്ഷയ്ക്ക് നല്ലതെന്നും വ്യക്തമാക്കിയ ജഡ്ജി മാതാപിതാക്കളെ കുറ്റവിമുക്തരാക്കുകയായിരുന്നു.

article-image

ASSASDA

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed