നികുതി വെട്ടിപ്പും ആഡംബര വാച്ച് കടത്തും: രണ്ട് പേർക്ക് ജയിൽശിക്ഷയും വൻ പിഴയും
പ്രദീപ് പുറവങ്കര/മനാമ
ആഡംബര വാച്ചുകൾ അനധികൃതമായി കടത്താൻ ശ്രമിക്കുകയും വാറ്റ് (VAT) റീഫണ്ട് ഇനത്തിൽ വ്യാജമായി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത രണ്ട് പേർക്ക് ബഹ്‌റൈനിൽ ജയിൽശിക്ഷയും വൻ പിഴയും. പ്രതികൾക്ക് മൂന്ന് ലക്ഷം ബഹ്‌റൈൻ ദിനാറിലധികം (ഏകദേശം 6.5 കോടിയിലധികം ഇന്ത്യൻ രൂപ) പിഴ ചുമത്തിയ കീഴ്കോടതി വിധി ഹൈ ക്രിമിനൽ അപ്പീൽ കോടതി ശരിവെച്ചു.
ശിക്ഷയ്ക്ക് പുറമെ, വെട്ടിച്ച നികുതി തുക തിരികെ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ആഡംബര വാച്ചുകൾ നിയമവിരുദ്ധമായി രാജ്യത്തേക്ക് കൊണ്ടുവന്ന ശേഷം, വിദേശത്തേക്ക് കൊണ്ടുപോകുന്നു എന്ന് വ്യാജരേഖകൾ ചമച്ച് നികുതി ഇളവ് നേടിയെടുക്കാൻ ശ്രമിച്ചതിനാണ് ഇവർ പിടിയിലായത്.
നികുതി വെട്ടിപ്പും കസ്റ്റംസ് നിയമലംഘനങ്ങളും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്നതിനാൽ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് വിധി അടിവരയിടുന്നു. ബഹ്‌റൈനിലെ നികുതി നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിലപാടാണ് അധികൃതർ സ്വീകരിച്ചുവരുന്നത്.
aa


