കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്ക്; പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ബഹ്‌റൈൻ


പ്രദീപ് പുറവങ്കര / മനാമ

കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർണായക നിയമ ഭേദഗതിക്കൊരുങ്ങി ബഹ്‌റൈൻ ശൂറ കൗൺസിൽ. 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്വന്തമായി അക്കൗണ്ട് തുടങ്ങുന്നത് നിരോധിക്കുന്ന പുതിയ ബിൽ കൗൺസിൽ ചർച്ച ചെയ്യും. 2012-ലെ 'കുട്ടികളുടെ നിയമത്തിൽ' (നിയമം 37) പുതിയ ഭേദഗതികൾ വരുത്തിക്കൊണ്ടാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്.

പുതിയ നിർദ്ദേശപ്രകാരം 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങാൻ അനുമതിയുണ്ടാകില്ല. 15 മുതൽ 18 വയസ്സ് വരെയുള്ളവർക്ക് കർശനമായ നിയന്ത്രണങ്ങളോടെ മാത്രമേ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ സാധിക്കൂ. ദോഷകരമായ ഉള്ളടക്കങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനൊപ്പം അവരുടെ സ്വകാര്യത ഉറപ്പാക്കുകയുമാണ് നിയമത്തിന്റെ പ്രാഥമിക ലക്ഷ്യം. അതേസമയം, പഠനാവശ്യങ്ങൾക്കായുള്ള ഡിജിറ്റൽ സേവനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമായിരിക്കില്ല.

ശൂറ കൗൺസിൽ രണ്ടാം ഡെപ്യൂട്ടി ചെയർപേഴ്‌സൻ ഡോ. ജിഹാദ് അൽ ഫദലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ഈ ഭേദഗതി സമർപ്പിച്ചത്. പ്ലാറ്റ്‌ഫോമുകളുടെ പരിധി നിശ്ചയിക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തെയും, പ്രായം പരിശോധിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കാൻ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയെയും (TRA) ചുമതലപ്പെടുത്തും. വിദേശ രാജ്യങ്ങളിലെ സമാന നിയമങ്ങൾ മാതൃകയാക്കി കൊണ്ടുവരുന്ന ഈ ബില്ലിൽ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കും.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed