യമൻ പ്രതിസന്ധി; ഐക്യരാഷ്ട്ര സഭയിൽ നയം വ്യക്തമാക്കി ബഹ്റൈൻ
പ്രദീപ് പുറവങ്കര / മനാമ
യമനിൽ ദീർഘകാല സമാധാനം ഉറപ്പാക്കുന്നതിനായി സംഭാഷണവും യുക്തിപരമായ നയതന്ത്ര സമീപനവുമാണ് ആവശ്യമെന്ന് ബഹ്റൈൻ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയിൽ നടന്ന യമൻ വിഷയത്തിലുള്ള ബ്രിഫിങ്ങിൽ ബഹ്റൈന്റെ ഡെപ്യൂട്ടി സ്ഥിരപ്രതിനിധി അംബാസഡർ നാൻസി അബ്ദുല്ല ജമാലാണ് രാജ്യത്തിന്റെ ഈ നിലപാട് വ്യക്തമാക്കിയത്. യമന്റെ പരമാധികാരത്തിനും ഐക്യത്തിനും ബഹ്റൈൻ നൽകുന്ന പിന്തുണ ആവർത്തിച്ച അവർ, യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്കനുസൃതമായ രാഷ്ട്രീയ പരിഹാരമാണ് ഉണ്ടാകേണ്ടതെന്ന് ഓർമ്മിപ്പിച്ചു.
തെക്കൻ രാഷ്ട്രീയ വിഭാഗങ്ങളെ ഒന്നിപ്പിക്കാൻ റിയാദിൽ സമ്മേളനം വിളിക്കാനുള്ള നീക്കത്തെയും അതിന് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയെയും ബഹ്റൈൻ പ്രശംസിച്ചു. ഉൾക്കൊള്ളുന്ന സംവാദത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് അംബാസഡർ ജമാൽ വിലയിരുത്തി. യു.എൻ പ്രത്യേക ദൂതൻ ഹാൻസ് ഗ്രുൻഡ്ബർഗിന്റെ പ്രവർത്തനങ്ങൾക്ക് രാജ്യം പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. യമനിലെ ഗുരുതരമായ ഭക്ഷ്യക്ഷാമത്തിലും മാനുഷിക പ്രതിസന്ധിയിലും ബഹ്റൈൻ ആശങ്ക രേഖപ്പെടുത്തി.
സഹായവസ്തുക്കൾ സുരക്ഷിതമായി എത്തിക്കാനും മാനുഷിക സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സംരക്ഷണം ഉറപ്പാക്കാനും എല്ലാ കക്ഷികളും തയ്യാറാകണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കൂടാതെ, റെഡ് സീയിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച ബഹ്റൈൻ, സമുദ്രഗതാഗതം സംരക്ഷിക്കുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ പുതിയ പ്രമേയത്തിന് (2812/2026) അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു.
sdfsdf

