ബഹ്‌റൈനിൽ തണുപ്പ് കൂടും; ബുധനാഴ്ച മുതൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത
പ്രദീപ് പുറവങ്കര / മനാമ
രാജ്യത്ത് വരും ദിവസങ്ങളിൽ താപനില കുറയുമെന്നും തണുപ്പ് വർധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനുവരി 14 ബുധനാഴ്ച മുതൽ വടക്ക്-പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെയാണ് കാലാവസ്ഥയിൽ മാറ്റമുണ്ടാകുക. അടുത്ത ആഴ്ച വരെ ഈ സ്ഥിതി തുടരാനാണ് സാധ്യത.
ജനുവരി 13 ചൊവ്വാഴ്ച കാറ്റ് താൽക്കാലികമായി തെക്ക്-കിഴക്ക് ദിശയിൽ നിന്ന് വീശുമെങ്കിലും രാത്രിയോടെ വേഗത വർധിക്കും. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ കാറ്റ് അതിശക്തമാകാൻ സാധ്യതയുള്ളതിനാൽ ചിലയിടങ്ങളിൽ പൊടിക്കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
താപനില ക്രമേണ കുറയുന്നതോടെ രാത്രിയിലും പുലർച്ചെയും തണുപ്പ് കടുക്കും. കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസിനും 13 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെങ്കിലും, ശക്തമായ കാറ്റ് വീശുന്നതിനാൽ അനുഭവപ്പെടുന്ന തണുപ്പ് ഇതിലും കുറവായിരിക്കാൻ സാധ്യതയുണ്ട്.
കടലിൽ പോകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക ചാനലുകൾ വഴി പുറപ്പെടുവിക്കുന്ന കാലാവസ്ഥാ അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിൽ പൊതുവെ സുഖകരമായ അന്തരീക്ഷമായിരിക്കുമെങ്കിലും കാറ്റിന്റെ വേഗതയും തണുപ്പും പരിഗണിച്ച് മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
േ്ിേ്

