ക്യൂ.ആർ. കോഡ് തട്ടിപ്പ്: ബിസിനസ് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്ത് ക്യൂ.ആർ. കോഡ് വഴിയുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ബഹ്‌റൈനിലെ ബിസിനസ് ഉടമകൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. വ്യാപാരികൾ തങ്ങളുടെ പേമെന്റ് ക്യൂ.ആർ. കോഡുകൾ കൃത്യമായി പരിശോധിച്ച് മാറ്റം വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കണം. ക്യൂ.ആർ. കോഡുകൾ മാറ്റി ഒട്ടിച്ചോ, യഥാർത്ഥ കോഡിന്റെ മുകളിൽ വ്യാജമായ ഒന്ന് പതിപ്പിച്ചോ തട്ടിപ്പുകാർ കൃത്രിമം കാണിക്കാൻ സാധ്യതയുണ്ടെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹർ മുന്നറിയിപ്പ് നൽകി.
ക്യൂ.ആർ. കോഡുകളിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സ്ഥാപന ഉടമകൾക്കായിരിക്കും എന്ന് കേണൽ ഡോ. ബഹർ വ്യക്തമാക്കി. അതിനാൽ, ക്യൂ.ആർ. കോഡുകൾ കടയുടെ ഉള്ളിൽ സുരക്ഷിതവും എല്ലാവർക്കും വ്യക്തമായി കാണാൻ കഴിയുന്നതുമായ സ്ഥലങ്ങളിൽ സ്ഥാപിക്കണം. കൂടാതെ, ടാമ്പറിങ് നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്താൻ ഇടയ്ക്കിടെ പരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്‌റൈനിലെ ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ നൂതനവും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാണ്. എന്നാൽ, ഈ സൗകര്യങ്ങൾ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. പലപ്പോഴും പാർക്കിങ് മീറ്ററുകൾ, റസ്റ്റോറന്റ് മെനു കാർഡുകൾ, ഓഫർ പാക്കേജുകളുടെ പരസ്യങ്ങൾ, ഇ-മെയിലുകൾ എന്നിവയിൽ പോലും തട്ടിപ്പുകാർ വ്യാജ ക്യൂ.ആർ. കോഡുകൾ ഉപയോഗിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് ഒരു കോഡ് സംബന്ധിച്ച് സംശയം തോന്നിയാൽ, പേമെന്റ് നടത്തുന്നതിന് മുമ്പ് ബിസിനസ് സ്ഥാപനവുമായി നേരിട്ട് സംസാരിച്ച് കോഡിന്റെ ആധികാരികത ഉറപ്പാക്കണം. അടുത്തിടെ ബെനിഫിറ്റ് പേ (BenefitPay) തട്ടിപ്പുകൾ സംബന്ധിച്ച് ആശങ്കകൾ വർധിക്കുകയും ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
തട്ടിപ്പിന് ഇരയാകുകയോ, തട്ടിപ്പ് ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലേക്ക് വിവരങ്ങൾ കൈമാറാൻ 992 എന്ന ഹോട്ട്‌ലൈനിൽ വിളിക്കുകയോ 17108108 എന്ന നമ്പറിൽ വാട്ട്‌സ്ആപ് വഴിയോ ഡയറക്ടറേറ്റിന്റെ ഓൺലൈൻ റിപ്പോർട്ടിങ് ഫോം ഉപയോഗിച്ചോ റിപ്പോർട്ട് ചെയ്യാം.
assasaqsaq
