ആനുകൂല്യങ്ങൾ നൽകിയില്ല: വിദേശ തൊഴിലാളിക്ക് നഷ്ടപരിഹാരം നൽകാൻ ബഹ്റൈൻ കോടതി ഉത്തരവ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
രണ്ട് വർഷത്തെ കരാർ കാലാവധി പൂർത്തിയായിട്ടും സേവനാനന്തര ആനുകൂല്യങ്ങളും വാർഷിക അവധി ശമ്പളവും നൽകുന്നതിൽ വീഴ്ച വരുത്തിയ കമ്പനിയോട് വിദേശ തൊഴിലാളിക്ക് 627 ബഹ്‌റൈനി ദിനാർ നഷ്ടപരിഹാരം നൽകാൻ ഹൈ ലേബർ കോടതി ഉത്തരവിട്ടു. നഷ്ടപരിഹാര തുകയ്ക്ക് പുറമെ, കേസ് ഫയൽ ചെയ്ത തീയതി മുതൽ തുക പൂർണ്ണമായി നൽകുന്നത് വരെ പ്രതിവർഷം ഒരു ശതമാനം പലിശയും കോടതി ചെലവുകളും കമ്പനി തന്നെ വഹിക്കണം. വിധി പ്രകാരം ഉപയോഗിക്കാത്ത വാർഷിക അവധിക്ക് പകരമായി 251 ദിനാറും സർവീസ് ഗ്രാറ്റുവിറ്റിയായി 376 ദിനാറുമാണ് തൊഴിലാളിക്ക് ലഭിക്കുക.
പ്രതിമാസം 250 ദിനാർ ശമ്പളത്തിൽ രണ്ട് വർഷത്തെ നിശ്ചിതകാല കരാറിലായിരുന്നു പരാതിക്കാരൻ ജോലി ചെയ്തിരുന്നത്. എന്നാൽ കോടതി നടപടികൾക്കിടെ തൊഴിലാളിയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും സമർപ്പിക്കപ്പെട്ട കരാറിലെ ഒപ്പ് വ്യാജമാണെന്നുമുള്ള വാദമാണ് കമ്പനി ഉയർത്തിയത്. തന്റെ ഒറിജിനൽ കരാർ കമ്പനിയുടെ കൈവശമാണെന്ന് തൊഴിലാളി കോടതിയെ ബോധിപ്പിച്ചു. സാക്ഷിമൊഴികളും ലഭ്യമായ രേഖകളും വിശദമായി പരിശോധിച്ച കോടതി കമ്പനിയുടെ വാദങ്ങൾ തള്ളുകയായിരുന്നു. തൊഴിലാളിക്ക് വാർഷിക അവധി നൽകിയെന്നോ അതിന് പകരമായി വേതനം നൽകിയെന്നോ തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കമ്പനിക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് തൊഴിലാളിക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചത്.
dfgdg


