നിയാർക് 'സ്പർശം 2025' ന് ഒരുക്കങ്ങൾ പൂർത്തിയായി
പ്രദീപ് പുറവങ്കര
മനാമ: ഭിന്നശേഷി കുട്ടികൾക്കായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്ററിന്റെ (നിയാർക്) ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന 'സ്പർശം 2025' എന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടക സമിതി അറിയിച്ചു. ഈ വർഷത്തെ പരിപാടിയുടെ മുഖ്യ ആകർഷണം പ്രശസ്ത മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിക്കുന്ന 'ട്രിക്‌സ് മാനിയ 2.0' എന്ന പ്രകടനമാണ്.
നവംബർ 28 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് അൽ അഹ്‌ലി ക്ലബ്ബിലെ ബാൻക്വറ്റ് ഹാളിലാണ് പരിപാടി നടക്കുക. പ്രവേശനം പൂർണ്ണമായും സൗജന്യമാണ്. നിയാർക് സ്ഥാപനത്തെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതിനായി നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നെസ്റ്റ് കൊയിലാണ്ടി) ഗ്ലോബൽ ചെയർമാൻ അഷ്‌റഫ് കെ.പി., ജനറൽ സെക്രട്ടറി യൂനുസ് ടി.കെ. എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ബഹ്‌റൈനിൽ എത്തിച്ചേരും.
നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്) കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പന്തലായനിയിൽ ഭിന്നശേഷി കുട്ടികളുടെ ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. ബഹ്‌റൈൻ ചാപ്റ്റർ ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനാണ് 'സ്പർശം' എന്ന പേരിൽ വർഷം തോറും പരിപാടികൾ സംഘടിപ്പിക്കുന്നത്.
