കാർഷിക-കന്നുകാലി പ്രദർശനം : ‘മറാഇ 2025’ ബഹ്റൈനിൽ ഡിസംബർ 9 മുതൽ ആരംഭിക്കും
പ്രദീപ് പുറവങ്കര
രാജ്യത്തെ കാർഷിക, കന്നുകാലി ഉത്പാദനത്തിന്റെ സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനായി ബഹ്റൈനിൽ നടന്നുവരുന്ന മറായി കാർഷിക-കന്നുകാലി പ്രദർശനത്തിന്റെ എട്ടാമത് പതിപ്പ് ഡിസംബർ 9 മുതൽ 13 വരെ ബഹ്‌റൈൻ ഇന്റർനാഷണൽ എൻഡ്യൂറൻസ് വില്ലേജിൽ വെച്ച് നടക്കും. ഗൾഫ് ഹോട്ടലിൽ നടന്ന യോഗത്തിൽ ഇത് സംബന്ധിച്ച വിവരങ്ങൾ മുനിസിപ്പാലിറ്റി, കാർഷിക കാര്യ മന്ത്രിയായ എഞ്ചിനീയർ വാഇൽ ബിൻ നാസർ അൽ മുബാറക് നൽകി. മുൻ വർഷങ്ങളിലെ വിജയങ്ങൾ കണക്കിലെടുത്ത് ഈ വർഷത്തെ പ്രദർശനത്തിൽ പ്രാദേശികവും അന്തർദേശീയവുമായ പങ്കാളിത്തവും പരിപാടികളും വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിലും പ്രാദേശിക ഉത്പാദനത്തെ പിന്തുണയ്ക്കുന്നതിലും പ്രദർശനത്തിന്റെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു. സുസ്ഥിര കാർഷിക വികസനത്തിനായുള്ള ദേശീയ തന്ത്രമനുസരിച്ച്, ഏറ്റവും മികച്ച ആധുനിക സാങ്കേതിക വിദ്യകൾ പ്രയോഗിച്ചുകൊണ്ട് കാർഷിക, കന്നുകാലി മേഖലകളെ മുന്നോട്ട് കൊണ്ടുപോകാനുള്ള ബഹ്‌റൈന്റെ താൽപ്പര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ ഭക്ഷ്യസുരക്ഷാ സംരംഭങ്ങളെയും മൃഗ-കാർഷിക ഉത്പാദനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെയും എക്സിബിഷൻ ഉയർത്തിക്കാട്ടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷിക-കന്നുകാലി കാര്യ അണ്ടർസെക്രട്ടറിയും 'മറാഇ 2025' സംഘാടക സമിതി ചെയർമാനുമായ എഞ്ചിനീയർ ആസിം അബ്ദുൾ ലത്തീഫ് അബ്ദുള്ള, പ്രദർശനത്തിന്റെ പുതിയ പതിപ്പിനെക്കുറിച്ച് വിശദീകരിച്ചു. നിക്ഷേപകർ, പൗരന്മാർ, താമസക്കാർ എന്നിവരുൾപ്പെടെ വിവിധ വിഭാഗം സന്ദർശകരെ ലക്ഷ്യമിട്ടുള്ള പരിപാടികളും ഇതിന്റെ ഭാഗമായി ഉണ്ടാകും.
ഈ വർഷത്തെ 'മറാഇ' കന്നുകാലി പ്രദർശനത്തിൽ കുതിര, ഒട്ടകം, മറ്റ് മൃഗങ്ങളുടെയും പക്ഷികളുടെയും ഷോകൾ, കൂടാതെ കണ്ടൽക്കാട് പ്രദർശനം, കർഷക ചന്ത, ഈന്തപ്പഴ പ്രദർശനം എന്നിവ ഉൾപ്പെടും. കല, സംസ്കാരം, കുട്ടികൾക്കുള്ള കളികൾ, ഫുഡ് ട്രക്കുകൾ എന്നിവയ്ക്കായുള്ള പ്രത്യേക കോർണറുകളും ഉണ്ടാകും.
