തൊഴിലില്ലായ്മ സഹായം 11,452 ഗുണഭോക്താക്കളിലേക്ക് എത്തിച്ച് ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
തൊഴിലില്ലാത്ത ബഹ്‌റൈൻ പൗരന്മാർക്ക് സഹായം നൽകുന്ന പദ്ധതി വിജയകരമായി പുരോഗമിക്കുകയാണെന്ന് നിയമകാര്യ മന്ത്രിയും ആക്ടിങ് തൊഴിൽ മന്ത്രിയുമായ യൂസഫ് ഖലഫ് അറിയിച്ചു. കഴിഞ്ഞ മാസം വരെ ആകെ 11,452 പൗരന്മാർക്ക് തൊഴിലില്ലായ്മ സഹായം ലഭിച്ചതായി എം.പി. ഖാലിദ് ബു അനക് സമർപ്പിച്ച പാർലമെന്ററി ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
ആനുകൂല്യം സ്വീകരിക്കുന്നവരിൽ 3,479 പേർ ഒരു വർഷത്തിൽ താഴെയായി സഹായം സ്വീകരിക്കുന്നവരാണ്. 6,258 പേർക്ക് ഒന്നിനും അഞ്ചിനും ഇടയിലുള്ള വർഷങ്ങളിലും 1,715 പേർക്ക് അഞ്ച് വർഷത്തിലധികമായും സഹായം ലഭിക്കുന്നുണ്ട്.
വിദ്യാഭ്യാസ യോഗ്യതയനുസരിച്ചാണ് പ്രതിമാസ സഹായതുക നിശ്ചയിക്കുന്നത്; ബിരുദധാരികളായ തൊഴിലില്ലാത്തവർക്ക് പ്രതിമാസം 200 ദിനാറും മറ്റുള്ളവർക്ക് 150 ദിനാറും ലഭിക്കും. പിരിച്ചുവിടപ്പെട്ട തൊഴിലാളികൾക്ക് 1,000 ദിനാർ വരെ അല്ലെങ്കിൽ അവരുടെ വേതനത്തിന്റെ 60 ശതമാനം (ഇവയിൽ കൂടുതലുള്ളത്) ലഭിക്കും.
ഓരോ ഉദ്യോഗാർത്ഥിക്കും ഈ വർഷാവസാനത്തിനുമുമ്പ് മൂന്ന് തൊഴിലവസരങ്ങൾ നൽകാനുള്ള റോയൽ നിർദേശത്തിൻ്റെ നടപ്പാക്കൽ പുരോഗമിക്കുകയാണ്. തൊഴിലുടമകൾ അവരുടെ ഒഴിവുകൾ നാഷണൽ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്യണം. യോജിച്ച ഒഴിവുകളിലേക്ക് പൗരന്മാർ അപേക്ഷിക്കുന്നില്ലെങ്കിൽ സിസ്റ്റം അവരെ ജോലികൾക്ക് നയിക്കും.
നിയമത്തിലെ ആർട്ടിക്ക്ൾ 24 പ്രകാരം, അഞ്ച് വർഷത്തിലധികം സഹായം ലഭിക്കുന്ന ഗുണഭോക്താക്കൾ രണ്ട് തൊഴിലവസരങ്ങൾ നിരസിച്ചാൽ ഉടൻ തന്നെ ആനുകൂല്യങ്ങൾക്കുള്ള യോഗ്യത നഷ്ടപ്പെടും. പുതിയ തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്യുന്നതിനാലും മറ്റുള്ളവർ യോഗ്യതയില്ലാത്തവരായി പുറത്തുപോകുന്നതിനാലും ഈ കണക്കുകൾ നിരന്തരം മാറിക്കൊണ്ടിരിക്കുമെന്നും മന്ത്രി യൂസഫ് ഖലഫ് കൂട്ടിച്ചേർത്തു.
്േ്േി
