സോപാനം വാദ്യസംഗമം 2025 ബഹ്‌റൈനിൽ ഡിസംബർ 5ന് അരങ്ങേറും
പ്രദീപ് പുറവങ്കര
മനാമ
ബഹ്റൈനിലെ സോപാനം വാദ്യകലാസംഘം കോൺവെക്സ് മീഡിയ ബഹ്‌റൈനുമായി സഹകരിച്ച്, 'വാദ്യസംഗമം 2025' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബർ 5 വെള്ളിയാഴ്ച ടുബ്ലി അദാരി പാർക്ക് ഗ്രൗണ്ടിൽ വെച്ച് 50 മീറ്റർ നീളത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത പടുകൂറ്റൻ വേദിയിലാണ് സംഗമം നടക്കാനിരിക്കുന്നത്.
വൈകുന്നേരം 5 മണിക്ക് മട്ടന്നൂർ ശ്രീരാജ്, ചിറയ്ക്കൽ നിധീഷ് എന്നിവർ ചേർന്നവതരിപ്പിക്കുന്ന കേളികൊട്ടോടെയാണ് വാദ്യസംഗം ആരംഭിക്കുന്നത്. തുടർന്ന് ഭാരതീയ നൃത്തരൂപങ്ങളുടെ വൈവിധ്യമാർന്ന അവതരണങ്ങളുമായി 100-ൽ പരം നർത്തകിമാർ അരങ്ങിലെത്തും. വർണ്ണാഭമായ ഘോഷയാത്രയ്ക്കും ഉദ്ഘാടന സമ്മേളനത്തിനും ശേഷം കലാപരിപാടികൾക്ക് തുടക്കമാകും. കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ ജയറാം, ചലച്ചിത്ര പിന്നണി ഗായിക ലതിക ടീച്ചർ, കാഞ്ഞിലശ്ശേരി പത്മനാഭൻ, അമ്പലപ്പുഴ വിജയകുമാർ, ഏലൂർ ബിജു തുടങ്ങിയ പ്രമുഖരാണ് മുഖ്യ അതിഥികളായി എത്തുന്നത്. ഇന്ത്യയിൽ നിന്ന് 30 പ്രശസ്ത വാദ്യകലാകാരന്മാർ ഇതിനായി ബഹ്‌റൈനിൽ എത്തിച്ചേരും.
പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സിനിമാതാരം ജയറാമും നയിക്കുന്ന 300-ൽ പരം വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളമാണ് വാദ്യസംഗമത്തിലെ പ്രധാന ആകർഷണം. സോപാനസംഗീതവുമായി അമ്പലപ്പുഴ വിജയകുമാർ, ഏലൂർ ബിജു എന്നിവരുടെ നേതൃത്വത്തിൽ 71 കലാകാരന്മാരും അരങ്ങിലെത്തും. ചലച്ചിത്ര പിന്നണിഗായിക ലതിക ടീച്ചറും, ഐഡിയ സ്റ്റാർസിംഗർ ഫെയിം മിഥുൻ ജയരാജും ചേർന്ന് ഒരുക്കുന്ന സംഗീത പരിപാടിയായ "കാതോട് കാതോരം" മറ്റൊരു പ്രത്യേകതയായിരിക്കും. സോപാനം വാദ്യകലാസംഘത്തിൽ നിന്നും വാദ്യകലയും സോപാനസംഗീതവും പഠിച്ച 53 പേർ പരിപാടിയിൽ അരങ്ങേറ്റം കുറിക്കും.
വാദ്യകലാ വിദഗ്ധരായ മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ്, ചിറക്കൽ നിധീഷ്, കാഞ്ഞിലശ്ശേരി പത്മനാഭൻ, വെള്ളിനേഴി രാംകുമാർ, മട്ടന്നൂർ അജിത്ത്, കാഞ്ഞിലശ്ശേരി അരവിന്ദാക്ഷൻ, കൊരയങ്ങാട് സാജു തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. ആയ്യായിരത്തിലധികം ആസ്വാദകർ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാദ്യസംഗമം, ബഹ്‌റൈനിലെ ഏറ്റവും വലിയ സാംസ്കാരിക അരങ്ങായി മാറുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭാരതീയ വാദ്യ-സംഗീത പാരമ്പര്യവും ബഹ്‌റൈൻ-ഇന്ത്യ സാംസ്കാരിക ബന്ധങ്ങളും കൂടുതൽ ശക്തമാക്കുകയാണ് ഈ വേദിയുടെ ലക്ഷ്യം എന്ന് സോപാനം ഡയറക്ടർ സന്തോഷ് കൈലാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരിപാടിയിലേക്കുള്ള പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും എന്നും സംഘാടകർ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ കോൺവെക്സ് മീഡിയ മാനേജിങ് ഡയറക്ടർ അജിത്ത് നായർ, സോപാനം ഡയറക്ടർ സന്തോഷ് കൈലാസ്, രക്ഷാധികാരി അനിൽ മാരാർ, സഹരക്ഷാധികാരി ശശികുമാർ, ആനന്ദ് സുബ്രഹ്മണ്യം, ചെയർമാൻ ചന്ദ്രശേഖരൻ, വൈസ് ചെയർമാൻമാരായ ഉണ്ണികൃഷ്ണൻ പുന്നയ്ക്കൽ, ഗോപിനാഥ്, കൺവീനർ ജോഷി ഗുരുവായൂർ, ജോയൻറ് കൺവീനർമാർ, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ, ട്രഷറർ രാജേഷ് മാധവൻ, സാമ്പത്തിക കമ്മിറ്റി ചെയർമാൻ രൂപേഷ് ഊരാളുങ്കൽ, കൺവീനർ ആതിര സുരേന്ദ്ര, സോപാനം കോഡിനേറ്റർ വിനീഷ് സോപാനം എന്നിവരും പങ്കെടുത്തു.
sdasd
