പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിലെ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. സൽമാബാദ് ഗോൾഡൻ ഈഗിൾ ക്ലബ്ബിൽ വെച്ച് നടന്ന പരിപാടിയിൽ രണ്ടായിരത്തി അഞ്ഞൂറിലേറെ പേർ പങ്കെടുത്തു. പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു.
പാലക്കാട് എം. പി വികെ ശ്രീകണ്ഠൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ബഹ്‌റൈൻ പാർലിമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, ബഹ്‌റൈനിലെ ബിസിനസ്സ് രംഗത്തെ പ്രമുഖരായ വലീദ് ഇബ്രാഹിം കാനൂ, അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം. ഡി പമ്പാവാസൻ നായർ, മുൻ വനിത കമ്മീഷൻ അംഗം തുളസി ശ്രീകണ്ഠൻ, ബ്രോഡൻ കോൺട്രാക്ടിങ് കമ്പനി എം ഡി ഡോ. കെ എസ് മേനോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് പാക്ട് അംഗങ്ങളായ സംരംഭകർക്കായി രൂപീകരിച്ച ഗ്രൂപ്പ് ലോഞ്ച് ഉദ്‌ഘാടനം പാമ്പാവസൻ നായർ നിർവ്വഹിച്ചു. സംരംഭക കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന സജിൻ ഹെൻട്രി, ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാ പരിപാടികളും അരങ്ങേറി. പ്രശസ്ത സിനിമ പിന്നണി ഗായകൻ പ്രശോഭ് രാമചന്ദ്രൻ നയിച്ച സംഗീത വിരുന്നും ഹൃദ്യമായി. ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന മുതിർന്ന പാക്ട് ഭാരവാഹി സുഭാഷ് മേനോനെ ശ്രീകണ്ഠൻ എം.പി ചടങ്ങിൽ ആദരിച്ചു.
പാലക്കാടൻ രുചി വൈഭവം വിളിച്ചോതിയ റൈറ്റ് ചോയ്സ് കാറ്ററേഴ്സ് ഒരുക്കിയ ഓണ സദ്യയാണ് പരിപാടിയോടനുബന്ധിച്ച് വിളമ്പിയത്.