ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിൽ പ്രത്യേക ബസ് ടൂർ സംഘടിപ്പിക്കുന്നു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി സെപ്റ്റംബർ 27 ശനിയാഴ്ച ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ബസ് ടൂർ സംഘടിപ്പിക്കുന്നു. "ടൂറിസവും സുസ്ഥിരമായ പരിണാമവും" എന്ന തീമിനെ അടിസ്ഥാനമാക്കിയുള്ള ടൂർ വൈകിട്ട് 3 മണിക്ക് ആരംഭിക്കും.
ബഹ്‌റൈൻ നാഷണൽ മ്യൂസിയത്തിൽ നിന്നാരംഭിച്ച് ബാബ് അൽ ബഹ്‌റൈൻ, കാനൂ മ്യൂസിയം തുടങ്ങിയ മനാമയിലെ പ്രധാന സാംസ്‌ക്കാരിക, ചരിത്രപരമായ കേന്ദ്രങ്ങൾ സന്ദർശിക്കും. അൽ ജസ്റ ഹാൻഡിക്രാഫ്റ്റ്‌സ് സെന്ററിലുള്ള സന്ദർശനവും യാത്രയുടെ ഭാഗമാണ്. ബഹ്‌റൈൻ നാഷണൽ മ്യൂസിയത്തിലെ ഗാലറികളിലേക്കുള്ള സന്ദർശനത്തോടെ ടൂർ സമാപിക്കും.
പൊതുജനങ്ങൾക്ക് സൗജന്യമായ ഈ ടൂറിൽ പങ്കെടുക്കാൻ Platinum List പ്ലാറ്റ്‌ഫോമിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.