ബഹ്റൈനിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ മികച്ച കുതിപ്പെന്ന് റിപ്പോർട്ടുകൾ

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ മികച്ച കുതിപ്പെന്ന് റിപ്പോർട്ടുകൾ. സർവേ ആൻഡ് ലാൻഡ് രജിസ്‌ട്രേഷൻ ബ്യൂറോയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ ആറുമാസത്തിനിടക്ക് 775.2 ദശലക്ഷം ബഹ്‌റൈൻ ദിനാറിന്‍റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് രേഖപ്പെടുത്തിയത്. 5,099 ഇടപാടുകളാണ് ഈ കാലയളവിൽ രാജ്യത്ത് നടന്നത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5,005 ഇടപാടുകളിൽ നിന്നായി 745.8 ദശലക്ഷം ദീനാറായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 2025ൽ ഏപ്രിൽ 21നാണ് ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ ഇടപാട് മൂല്യം രേഖപ്പെടുത്തിയത്. 53.6 ദശലക്ഷം ദീനാറിന്‍റെ ഇടപാടാണ് അന്ന് മാത്രം നടന്നത്. രാജ്യത്തെ റിയൽ എസ്റ്റേറ്റ് വിപണിയുടെ തുടർച്ചയായ വളർച്ചയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് ബ്യൂറോ അധികൃതർ വ്യക്തമാക്കി.
വിദേശികളുടെ ഇടപാട് മൂല്യത്തിൽ 20.75 ശതമാനത്തിന്‍റെ വർധനവാണുണ്ടായത്. അതേസമയം ബഹ്‌റൈനികൾക്കിടയിൽ ഇത് 4.39 ശതമാനമായിരുന്നു. ക്യാപിറ്റൽ ഗവർണറേറ്റാണ് 265.4 ദശലക്ഷം ദീനാറിന്‍റെ ഇടപാടുകളുമായി മുന്നിട്ടു നിൽക്കുന്നത്. 32.84 ശതമാനം വളർച്ചാ നിരക്കാണ് ക്യാപിറ്റൽ ഗവർണറേറ്റിൽ മാത്രം രേഖപ്പെടുത്തിയത്.
ോിേ്