ഖത്തറിൽ നിന്ന് ബഹ്റൈനിലെത്തിയ മലയാളികൾ ഫോട്ടോഗ്രാഫി ജോലിയുടെ പേരിൽ തട്ടിപ്പിന്റെ ഇരയായി

പ്രദീപ് പുറവങ്കര
മനാമ I ഫ്രീലാൻസ് ഫോട്ടോഗ്രാഫി ജോലിയുടെ പേരിൽ ബഹ്റൈനിൽ എത്തിയ മൂന്ന് ഖത്തർ മലയാളികൾക്ക് ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. മലപ്പുറം കാളിക്കാവ് സ്വദേശിയായ സുഹൈൽ ഉൾപ്പെടെ ഖത്തറിൽ നിന്ന് എത്തിയ ഫോട്ടോഗ്രാഫർമാരാണ് തങ്ങളുടെ കാമറ അടക്കമുള്ള വിലപിടിപ്പുള്ള ഉപകരണങ്ങൾ നഷ്ടപ്പെട്ടത്.
ഖത്തറിലെ ഫോട്ടോഗ്രാഫർമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ കണ്ട ഒരു പോസ്റ്ററിലൂടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം. ജിസിസി രാജ്യങ്ങളിൽ വിവിധ പ്രൊജക്ടുകൾക്കായി ഫ്രീലാൻസ് ഫോട്ടോഗ്രാഫർമാരെ ആവശ്യമുണ്ടെന്ന സന്ദേശം ഉൾപ്പെട്ട പോസ്റ്ററിൽ നൽകിയിരുന്ന സൗദിയിലുള്ള വാട്സാപ്പ് നമ്പറിൽ ഇവർ ബന്ധപ്പെടുകയായിരുന്നു. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ ആവശ്യത്തിനായി ബഹ്റൈനിൽ മൂന്ന് ദിവസത്തെ ജോലിയാണ് ഉള്ളതെന്നും , സന്ദർശക വിസയിലായതിനാൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാനാകില്ലെന്നും സൗദി വാട്സാപ്പ് നമ്പറിലൂടെ മെസേജും ലഭിച്ചു. തുടർന്ന് ജോലി ചെയ്യാൻ താത്പര്യം കാണിച്ചപ്പോൾ ബഹ്റൈനിലേയ്ക്കുള്ള വിമാനടിക്കറ്റുകളും ഇവർക്ക് അയച്ചു നൽകി.
ഓഗസ്റ്റ് 2ന് ശനിയാഴ്ച്ചയാണ് സുഹൈൽ ബഹ്റൈനിലെത്തിയത്. എയർപോർട്ടിൽ എത്തിയ ഒരുപാകിസ്ഥാൻ സ്വദേശി ഇദ്ദേഹത്തെ സ്വീകരിച്ച് ജൂഫൈറിലെ ഒരു അപ്പാർട്മെന്റിലേക്ക് കൊണ്ടുപോയി. ആദ്യ ദിവസം ജോലി ഇല്ലെന്നും, വിശ്രമിക്കാവുന്നതാണെന്നും പറഞ്ഞ പാകിസ്താനി സ്വദേശി മുറിയുടെ ഒരു താക്കോൽ കൈവശം വെച്ചു. പിന്നീട് വൈകീട്ട് വന്ന് ഭക്ഷണം കഴിക്കാനായി പുറത്ത് കൊണ്ടുപോവുകയും ചെയ്തു. അടുത്ത ദിവസം ഇൻറർവ്യൂ ഷൂട്ടുണ്ടെന്ന് പറഞ്ഞാണ് ഇവർ പിരിഞ്ഞത്.
ആഗസ്ത് മൂന്നിന് ഞായറാഴ്ച്ച രാവിലെ ഒരു ടാക്സി വരികയും സുഹൈലിനെ കൂട്ടി കൊണ്ടുപോവുകയും ചെയ്തു. ജൗവിലുള്ള ബീച്ച് റിസോർട്ടിലേയ്ക്കാണ് ഇവർ പോയത്. അവിടെയെത്തിയതിന് ശേഷം ലോബിയിൽ കാത്തിരിക്കാനുള്ള മെസേജാണ് സൗദി നമ്പറിൽ നിന്ന് ലഭിച്ചത്. 12 മണി മുതൽ 2 മണിവരെ അവിടെ ഇരുത്തിയതിന് ശേഷം ഇവിടെ നിന്ന് സോഫിട്ടെൽ ഹൊട്ടലിലേയ്ക്ക് പോകാനായി വീണ്ടും സന്ദേശം വന്നു. തുടർന്ന് നാൽപത് മിനിട്ടോളം യാത്ര ചെയ്ത് സോഫിട്ടെലിൽ എത്തിയ സുഹൈലിനെ ഇവിടെ ടാക്സി ഡ്രൈവർ ഇറക്കി വിട്ട് കടന്ന് കളയുകയായിരുന്നു. ഒടുവിൽ മറ്റൊരു ടാക്സിയിൽ സുഹൈൽ ജൂഫൈറിലെ ഹൊട്ടൽ മുറിയിലെത്തിപ്പോഴാണ് താൻ വലിയൊരു തട്ടിപ്പിനിരയായതായി അദ്ദേഹം മനസിലാക്കുന്നത്.
ജൂഫൈറിലെ മുറിയിൽ തിരിച്ചെത്തിയപ്പോൾ സാധനങ്ങൾ വലിച്ചിട്ട നിലയിലായിരുന്നു. ഏകദേശം 3.5 ലക്ഷം രൂപ വിലവരുന്ന സോണി ക്യാമറ, ചാർജർ, മെമ്മറി കാർഡ് എന്നിവയാണ് ഇതോടൊപ്പം നഷ്ടമായത്. തുടർന്ന് ഹൊട്ടൽ റിസപ്ഷനിൽ പരാതി പറഞ്ഞപ്പോഴാണ് സമാനമായ സംഭവം ഇതേ ഹൊട്ടലിന്റെ മറ്റ് അപ്പാർട്മെന്റുകളിലും നടന്നതായി മനസിലാക്കുന്നത്. തുടർന്ന് ഹൊട്ടൽ മാനേജർക്കൊപ്പം നബീസാല പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നതിനിടെ, സമാനമായ തട്ടിപ്പിന് ഇരയായ മറ്റു രണ്ട് ഖത്തർ മലയാളികളെയും സുഹൈൽ കണ്ടു. ഇവർക്ക് ഏകദേശം 25 ലക്ഷം രൂപയുടെ ഉപകരണങ്ങൾ നഷ്ടമായിട്ടുണ്ട്.
തട്ടിപ്പിന് പിന്നിലുള്ള പാകിസ്താനി സ്വദേശി, ഹോട്ടൽ റൂം തന്റെ പേരിൽ ബുക്ക് ചെയ്തിട്ടുള്ളതിനാൽ പാസ്പോർട്ട് വിവരങ്ങൾ ഹോട്ടൽ അധികൃതർക്ക് നൽകിയിരുന്നു. എന്നാൽ അന്വേഷണം നടത്തിയപ്പോൾ, ഇയാൾ ഇന്നലെ ഉച്ചയ്ക്കുള്ള വിമാനത്തിൽ പാകിസ്താനിലേയ്ക്ക് കടന്നുകളഞ്ഞതായി വ്യക്തമായി. ഫോറൻസിക് സംഘം ഹോട്ടൽ സന്ദർശിച്ച് പരിശോധന നടത്തി. പോലീസ് അന്വേഷണം തുടരുകയാണെന്ന് പറഞ്ഞ സുഹൈൽ ഇന്ന് ഖത്തറിലേയ്ക്ക് മടങ്ങും. മറ്റ് രണ്ട് പേർ ഇന്ന് രാവിലെ തന്നെ ഖത്തറിലേയ്ക്ക് മടങ്ങി.
aa