ബഹ്‌റൈനിലെ ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ ഇനി മുതൽ എംബസിയിൽ വെച്ച് ലഭിക്കും

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികൾക്കായുള്ള എംബസി കോൺസുലാർ സേവനങ്ങൾ ജൂലൈ 1 മുതൽ സീഫിലെ എംബസി ആസ്ഥാനത്ത് വെച്ച് നൽകുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഈ സേവനങ്ങൾ നൽകിവരുന്ന ദാനാമാളിൽ നിന്നാണ് ഇവ എംബിസിയിലേയ്ക്ക് മാറ്റുന്നത്. പൊതു അവധി ദിവസങ്ങൾ ഒഴികെ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 08:00 മുതൽ വൈകുന്നേരം 5 മണി വരെയാണ് കോൺസുലാർ സേവനങ്ങൾ എംബസിയിൽ നടക്കുക. അതേസമയം ഡോക്യുമെന്റുകൾ ഇവിടെ നിന്ന് നൽകുന്നത് വൈകുന്നേരം 5 മണി മുതൽ 5.45 വരെയായി നിജപ്പെടുത്തിയിട്ടുണ്ട്.
അതു പോലെ എല്ലാ അപേക്ഷകരും എംബസിയിലെത്തുന്നിന് മുമ്പായി "EoIBHConnect" എന്ന ആപ്ലിക്കേഷനിലൂടെ അപ്പോയിന്റ്മെന്റ് എടുത്തിരിക്കണം. അടിയന്തര സർട്ടിഫിക്കറ്റ് അപേക്ഷകൾക്ക് മാത്രമായിരിക്കും മുൻകൂർ അപ്പോയിന്റ്മെന്റിലാതെ സേവനങ്ങൾ നൽകുന്നത്. ഇന്ത്യൻ എംബസിയുടെ www.eoibahrain.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷകർ കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോമും ആവശ്യമായ എല്ലാ രേഖകളും കൈവശം വയ്ക്കണം. കൂടാതെ എംബസിയുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഫീസ് ഷെഡ്യൂൾ അനുസരിച്ച് അപേക്ഷകർ കൃത്യമായ ഫീസ് പണമായി വേണം അടക്കാനെന്നും എംബസിയുടെ വാർത്തകുറിപ്പിൽ വ്യക്തമാക്കുന്നു.
അതേസമയം അപേക്ഷിച്ചിട്ടുള്ള പാസ്‌പോർട്ടുകളും മറ്റ് കോൺസുലാർ രേഖകളും കൈപ്പറ്റുന്നതിന് മുൻകൂർ അപ്പോയിന്റ്മെന്റ് ആവശ്യമില്ല.ഇതിനായി ഞായർ മുതൽ വ്യാഴം വരെ, പൊതു അവധി ദിവസങ്ങൾ ഒഴികെ വൈകുന്നേരം 5 മുതൽ 6 വരെ എംബസിയിൽ വരാവുന്നതാണ്.
അപേക്ഷ സംബന്ധിച്ച എല്ലാ ചോദ്യങ്ങളെ കുറിച്ചും, സ്റ്റാറ്റസ്/കോൺസുലാർ കാര്യങ്ങൾ എന്നിവയും ഒന്നുകിൽ ഇമെയിൽ വഴിയോ, അല്ലെങ്കിൽ ഫോൺ വഴിയോ ചോദിച്ച് മനസിലാക്കാവുന്നതാണ്. അപേക്ഷകർക്ക് +973-17560360 എന്ന നമ്പറിൽ വിളിച്ചോ, cons.bahrain@mea.gov.in (പാസ്‌പോർട്ടിനും മറ്റ് സേവനങ്ങൾക്കും) അല്ലെങ്കിൽ cons2.bahrain@mea.gov.in (വിസ, OCI, അറ്റസ്റ്റേഷൻ എന്നിവയ്ക്ക്) എന്ന ഇമെയിൽ വിലാസത്തിലോ ഇതിനായി ബന്ധപ്പെടാം.
aa