ഐഎസ്‌ബി@75 ചെസ് ചാമ്പ്യൻഷിപ്പിന് ഉജ്വല തുടക്കം

പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഐഎസ്‌ബി@75 ചെസ് ചാമ്പ്യൻഷിപ്പ് വൻ ആവേശത്തോടെയും വിപുലമായ പങ്കാളിത്തത്തോടെയും ഇന്നലെ ആരംഭിച്ചു. ബഹ്‌റൈൻ ചെസ് ഫെഡറേഷന്റെയും അർജുൻസ് ചെസ് അക്കാദമിയുടെയും സഹകരണത്തോടെ ഈസ ടൗൺ കാമ്പസിലെ ജഷൻമൽ ഓഡിറ്റോറിയത്തിലാണ് ദ്വിദിന പരിപാടി നടക്കുന്നത്. ബഹ്‌റൈൻ ചെസ് ഫെഡറേഷൻ പ്രസിഡണ്ട് അൻമർ ഇബ്രാഹിം അഹമ്മദിയായിരുന്നു മുഖ്യാതിഥി. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ മുഹമ്മദ് ഫൈസൽ, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി,ഐഎസ്ബി പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ്.എസ് നടരാജൻ, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി.സതീഷ്, അർജുൻ ചെസ് അക്കാദമി സിഇഒ അർജുൻ കക്കാടത്ത്, എന്നിവർ സന്നിഹിതരായിരുന്നു. അഡ്വ. ബിനു മണ്ണിൽ വർഗീസ് മുഖ്യാതിഥി അൻമർ ഇബ്രാഹിം അഹമ്മദിക്ക് മെമന്റോ സമ്മാനിച്ചു.
വിദ്യാർത്ഥികൾക്കും ചെസ്സ് പ്രേമികൾക്കുമായി സൗജന്യ ചെസ് വർക്ക്‌ഷോപ്പ് പരിപാടിക്ക് തുടക്കമിട്ടു. വിദഗ്ദ്ധ പരിശീലകൻ ജാനെല്ലെ ഡെല സെർണയാണ് വർക്ക്‌ഷോപ്പ് നയിച്ചത്. ചെസ് അടിസ്ഥാനകാര്യങ്ങൾ, കളിയുടെ വൈജ്ഞാനിക നേട്ടങ്ങൾ, ചെസ്സ് പഠനം വളർത്തിയെടുക്കുന്നതിനുള്ള തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള സെഷൻ തുടക്കക്കാർക്കും പരിചയസമ്പന്നരായ കളിക്കാർക്കും ഒരുപോലെ ഹൃദ്യമായി.
ഏകദേശം 250 മത്സരാർത്ഥികളും 60 സ്കൂൾ ടീമുകളും രജിസ്റ്റർ ചെയ്തിട്ടുള്ള ISB@75 ചാമ്പ്യൻഷിപ്പ് രാജ്യത്തെ ഏറ്റവും വലിയ ചെസ്സ് ടൂർണമെന്റുകളിൽ ഒന്നായിരിക്കും.
ഇന്ന് രാവിലെ ഇന്റർസ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പോടെയാണ് മത്സര വിഭാഗം ആരംഭിച്ചത്. സ്കൂളുകൾ രണ്ട് വിഭാഗങ്ങളിലായി - അണ്ടർ 12, അണ്ടർ 19 എന്നിങ്ങനെ മത്സരിക്കുന്നു . സ്വിസ് ലീഗ് ഫോർമാറ്റ് പിന്തുടർന്ന് ഫിഡെ റാപ്പിഡ് നിയമങ്ങൾ അനുസരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. ഓരോ വിഭാഗത്തിലെയും മികച്ച മൂന്ന് ടീമുകൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 10 പേർക്ക് പ്രത്യേക ബഹുമതികളും നൽകും. എല്ലാ മത്സരങ്ങളും ഫിഡെ ചട്ടങ്ങൾ പാലിച്ചാണ് നടത്തുന്നത്. ഇന്ന് രാത്രി 8:00 മണിക്ക് ഗ്രാൻഡ് ഫിനാലെ നടക്കും. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ എന്നിവർ വിദ്യാർത്ഥികൾ, മാതാപിതാക്കൾ, ചെസ്സ് പ്രേമികൾ എന്നിവരെ മത്സരത്തിന് സാക്ഷ്യം വഹിക്കാൻ ക്ഷണിച്ചു.
aa