15 മില്യൺ ഡോളറിന്റെ കള്ളനോട്ടുകളുമായി ക്രിമിനൽ സംഘം ദുബായിൽ അറസ്റ്റിൽ


നിരവധി തട്ടിപ്പുകൾക്ക് ആസൂത്രണം ചെയ്തുവന്ന ക്രിമിനൽ സംഘം 15 മില്യൺ ഡോളറിന്റെ കള്ളനോട്ടുകളുമായി ദുബായിൽ അറസ്റ്റിലായി. ദുബായ് പോലീസിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്ന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം സ്റ്റിംഗ് ഓപറേഷനിലൂടെയാണ് കുറ്റവാളികളെ പിടികൂടിയത്. ആഫ്രിക്കൻ വംശജരാണ് പിടിയിലായത്.

ഒരു അറബ് വംശജൻ നൽകിയ വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് സംഘത്തെ പിടികൂടാൻ സാധിച്ചതെന്ന് ദുബായ് പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം മേധാവി സലാഹ് ബൂഅസിബ പറഞ്ഞു. യു.എ.ഇക്ക് പുറത്ത് തങ്ങൾക്ക് ഒരു ഗ്ലാസ് കമ്പനിയുണ്ടെന്നും അതിനുവേണ്ടി യു.എ.ഇയിൽ നിക്ഷേപം നടത്താൻ ഉദ്ദേശ്യമുണ്ടെന്നും 15 മില്യൺ ഡോളറിന് സമാനമായ ദിർഹം ആവശ്യമുണ്ടെന്നും പറഞ്ഞാണ് അറബ് വംശജനെ തട്ടിപ്പ് സംഘം സമീപിച്ചത്. ഇവരുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയപ്പോൾ ഇയാൾ പോലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് നിർദേശപ്രകാരം ഒരു മില്യൺ ദിർഹം ഇവർക്ക് നൽകുകയും പകരം ഒന്നര മില്യൺ ഡോളർ സ്വീകരിക്കുകയും ചെയ്തു. പോലീസ് ആവശ്യപ്പെട്ടത് അപ്രകാരം സംഘവുമായി അറബ് വംശജൻ ആശയവിനിമയം തുടർന്നു.

സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലെ വിദഗ്ധ സംഘത്തെ സജ്ജമാക്കി പോലീസ് തന്ത്രപൂർവം പ്രവർത്തിച്ചതാണ് തട്ടിപ്പുസംഘത്തെ വലയിൽ വീഴ്ത്തിയത്. പോലീസ് നിർദേശാനുസരണം ഇടപാട് പൂർത്തിയാക്കാൻ അറബ് വംശജൻ തട്ടിപ്പുസംഘവുമായി തന്റെ ഓഫീസിൽ ഒരു കൂടിക്കാഴ്ച സംഘടിപ്പിച്ചു. ഇതനുസരിച്ച് ഓഫീസിലെത്തിയ സംഘത്തെ പോലീസ് ഉടനടി അറസ്റ്റ് ചെയ്യുകയായിരുന്നു. 15 മില്യൺ ഡോളറിന്റെ കള്ളനോട്ടുകൾ പ്രതികളിൽനിന്ന് പോലീസ് കണ്ടെടുത്തു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed