രാജ്യങ്ങളുടെ അതിർത്തി പരമാധികാരങ്ങൾ മാനിക്കപ്പെടണമെന്ന് ബ്രിക്‌സ് യോഗത്തിൽ ഇന്ത്യ


രാജ്യങ്ങളുടെ അതിർത്തി പരമാധികാരങ്ങൾ മാനിക്കപ്പെടണമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. വ്യാഴാഴ്ച നടന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻ ലഡാക്കിൽ പാംങോങ്ങ് തടാകത്തിന് സമാന്തരമായി ചൈന രണ്ടാമത്തെ പാലം നിർമ്മിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് പ്രസ്താവനയുമായി ജയശങ്കർ രംഗത്തെത്തുന്നത്. പരമാധികാര സമത്വം, പ്രാദേശിക സമഗ്രത, അന്താരാഷ്ട്ര നിയമങ്ങൾ എന്നിവ പരാമർശിക്കുന്ന എട്ട് പ്രധാന കാര്യങ്ങളെക്കുറിച്ച് ജയശങ്കർ ബ്രിക്സിൽ പറഞ്ഞു. തീവ്രവാദത്തെയും അതിർത്തികൾ കടന്നുള്ള ഭീകരവാദത്തെയും ബ്രിക്സ് രാജ്യങ്ങൾ എതിർക്കണമെന്നും അദ്ദേഹം ഊന്നിപറഞ്ഞു.

കോവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തിക മേഖല വീണ്ടെടുക്കൽ, യുക്രെയ്ൻ‍ അധിനിവേശം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. ചൈന, ബ്രസീൽ, റ‍ഷ്യ, ദക്ഷിണാഫ്രിക്ക, തടുങ്ങിയ രാജ്യങ്ങളിലെ വിദേശമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.പാങോങ്ങിൽ പാലം യാഥാർത്ഥ്യമാകുന്നതോടെ തടാകത്തിന് വടക്കുള്ള ചൈനീസ് സൈനിക ക്യാമ്പും കിഴക്കുള്ള റൂട്ടോഗ് ക്യാമ്പും തമ്മിലുള്ള യാത്രാദൂരം 150 കിലോമീറ്ററോളം കുറയും.പാലം നിർമ്മിക്കുന്ന മാധ്യമവാർത്ത ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അത് കാലങ്ങളായി ചൈനയുടെ കൈവശമുള്ള സ്ഥലമാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നയതന്ത്ര, സൈനിക ചർച്ചകളിലൂടെ ചൈനയുമായി ഇടപഴകുന്നത് ഇന്ത്യ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.  

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed