ഇന്ത്യ - യുഎഇ സഹകരണം ശക്തിപ്പെടുത്താനൊരുങ്ങുന്നു
                                                            ഊർജം, വ്യാപാരം, പ്രതിരോധം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും യുഎഇയും. ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ എസ് ജയ്ശങ്കറും യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
വ്യാപാരം, നിക്ഷേപം, നയതന്ത്രം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ എന്നിവയിലെ പുരോഗതിയെ ഇരുവരും അഭിനന്ദിച്ചു. തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ചരിത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെ കുറിച്ചും കൂടിക്കാഴ്ച്ചയിൽ ചർച്ചാ വിഷയമായി. ആരോഗ്യ സംരക്ഷണം, പ്രതിരോധം, ബഹിരാകാശം, കാലാവസ്ഥാ വ്യതിയാനം, വൈദഗ്ധ്യം, ഫിൻടെക്, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തും.
ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. ഏപ്രിൽ-സെപ്തംബർ കാലയളവിൽ യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 24% വർധിച്ച് 1600 കോടി ഡോളറായി. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 38% വർധിച്ച് 2840 കോടി ഡോളറിൽ എത്തിയതായും മന്ത്രിമാർ വ്യക്തമാക്കി.
aaa
												
										
																	