സോളാർ‍ കേസ്; കെ.ബി. ഗണേഷ് കുമാറിനെ സി.ബി.ഐ ചോദ്യംചെയ്തു


സോളാർ‍ കേസുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ് കുമാർ‍ എം.എൽ‍.എ−യെ സിബിഐ ചോദ്യം ചെയ്തു. കേസിൽ‍ പ്രതികളായ ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ‍. പരാതിക്കാരിയുമായുള്ള ഗണേഷ് കുമാറിന്റെ ബന്ധത്തെ കുറിച്ചായിരുന്നു ചോദ്യങ്ങൾ‍. പത്തനാപുരത്ത് വച്ചായിരുന്നു ചോദ്യം ചെയ്യൽ നടന്നത്.

ഗണേഷ് കുമാറാണ് പരാതിക്കാരിയുടെ പിന്നിലെന്ന് ഉമ്മൻ ചാണ്ടി നേരത്തെ ആരോപിച്ചിരുന്നു. കേസിൽ‍ കോൺഗ്രസ് നേതാക്കളെ പ്രതികാളാക്കിയതിന് പിന്നിൽ‍ ഗണേഷ് കുമാറാണെന്നും ലൈംഗീക പീഡനം ഉണ്ടായെന്ന് പറയുന്ന പരാതിക്കാരിയുടേതെന്ന പേരിൽ‍ പുറത്ത് വന്ന കത്തിൽ‍ ഉമ്മൻ‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ പേര് കൂട്ടിച്ചേർ‍ത്തതിന് പിന്നിലും ഗണേഷ് കുമാറാണെന്നായിരുന്നു ആരോപണം. 

വരും ദിവസങ്ങളിൽ‍ ഉമ്മൻ‍ചാണ്ടിയടക്കമുള്ള മറ്റ് നേതാക്കളേയും സിബിഐ വിശദമായി ചോദ്യം ചെയ്യും. അതേസമയം കഴിഞ്ഞ ദിവസം കേസിൽ‍ പ്രതികളായ ഹൈബി ഈഡൻ എം.പിയേയും സിബിഐ ചോദ്യം ചെയ്തിരുന്നു. തുടർ‍ന്നാണ് ഗണേഷ് കുമാറിനേയും ചോദ്യം ചെയ്തത്. 2013ൽ എംഎൽഎ ആയിരിക്കവെ ഹൈബി ഈഡൻ നിള ബ്ലോക്കിലെ 34 നന്പർ മുറിയിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. തിരുവനന്തപുരത്ത് നിന്നുള്ള അന്വേഷണസംഘം എറണാകുളത്തെത്തിയാണ് ചോദ്യം ചെയ്തത്. ഹൈബി ഈഡൻ പ്രതിയായ കേസുമായി ബന്ധപ്പെട്ട് എംഎൽ‍എ ഹോസ്റ്റലിൽ‍ സിബിഐ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed